ആദിവാസി, ദലിത്, പിന്നോക്കക്കാരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നവർ അപമാനിക്കപ്പെടുന്നു: രാഹുൽ ഗാന്ധി
national news
ആദിവാസി, ദലിത്, പിന്നോക്കക്കാരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നവർ അപമാനിക്കപ്പെടുന്നു: രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th July 2024, 7:51 pm
ആദിവാസി, ദലിത്, പിന്നോക്കക്കാരുടെ പ്രശ്‌നങ്ങൾ ആരൊക്കെ ഉന്നയിക്കുന്നുവോ അവർ അപമാനിക്കപ്പെടുന്നു. ഈ അധിക്ഷേപങ്ങൾ ഞാൻ സന്തോഷത്തോടെ സ്വീകരിക്കും. അനുരാഗ് താക്കൂർ എന്നെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു

ന്യൂദൽഹി: കേന്ദ്ര ബജറ്റിന്മേലുള്ള ചർച്ചയ്ക്കിടെ ലോക്‌സഭയിൽ ബി.ജെ.പി എം.പി അനുരാഗ് താക്കൂർ തന്നെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ജാതി അറിയാത്തവർ ജാതി സെൻസസിനെ കുറിച്ച് സംസാരിക്കുന്നു എന്ന താക്കൂറിൻ്റെ പരിഹാസത്തോട് പ്രതികരിച്ച രാഹുൽ ഗാന്ധി ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നവർ അപമാനിക്കപ്പെടുമെന്നും പറഞ്ഞു.

‘ജാതി അറിയാത്തവർ ജാതി സെൻസസിനെ കുറിച്ച് സംസാരിക്കുന്നു. ഈ സഭയിൽ തന്നെ ഒരു മുൻ പ്രധാനമന്ത്രി ആർ-ജി -1 ഒ.ബി.സികൾക്കുള്ള സംവരണത്തെ എതിർത്തിരുന്നുവെന്ന് ഞാൻ സ്പീക്കറെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു,’ എന്നായിരുന്നു ബി.ജെ.പി എം.പി അനുരാഗ് താക്കൂർ സഭയിൽ പറഞ്ഞത്.

നിങ്ങൾക്ക് എന്നെ എത്ര വേണമെങ്കിലും അപമാനിക്കാമെന്നും പക്ഷെ ഞങ്ങൾ പാർലമെൻ്റിൽ ജാതി സെൻസസ് പാസാക്കുമെന്നുമായിരുന്നു രാഹുൽ ഗാന്ധി താക്കൂറിന്‌ മറുപടി നൽകിയത്.

‘ആദിവാസി, ദലിത്, പിന്നോക്കക്കാരുടെ പ്രശ്‌നങ്ങൾ ആരൊക്കെ ഉന്നയിക്കുന്നുവോ അവർ അപമാനിക്കപ്പെടുന്നു. ഈ അധിക്ഷേപങ്ങൾ ഞാൻ സന്തോഷത്തോടെ സ്വീകരിക്കും. അനുരാഗ് താക്കൂർ എന്നെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു,’ രാഹുൽ ഗാന്ധി പറഞ്ഞു.

2024ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ജാതി സെൻസസ്. എന്നാൽ ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

Content Highlight: Rahul Gandhi vs Anurag Thakur over ‘caste’ remark: ‘He insulted me’