| Sunday, 12th May 2019, 11:09 am

'മോദി ഉപയോഗിച്ചത് വിദ്വേഷം, ഞാന്‍ ഉപയോഗിച്ചത് സ്‌നേഹം'; വോട്ട് ചെയ്തതിനുശേഷം മോദിയെ വിമര്‍ശിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ‘സ്‌നേഹം ജയിക്കും’. ആറാംഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിങ്ങനെ. ന്യൂദല്‍ഹി ലോക്‌സഭാ മണ്ഡലത്തിലായിരുന്നു രാഹുലിന് വോട്ട്.

‘ഇതൊരു നല്ല പോരാട്ടമായിരുന്നു. മോദി ഉപയോഗിച്ചത് വിദ്വേഷവും ഞാന്‍ ഉപയോഗിച്ചതു സ്‌നേഹവുമാണ്. ഞാന്‍ വിചാരിക്കുന്നത് സ്‌നേഹം ജയിക്കുമെന്നാണ്. ജനങ്ങളാണു ഞങ്ങളുടെ യജമാനന്‍. ജനവിധി ഞങ്ങള്‍ അംഗീകരിക്കും.’- അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഔറംഗസേബ് ലേനിലെ പോളിങ് ബൂത്തിലായിരുന്നു രാഹുലിന്റെ വോട്ട്. അജയ് മാക്കനാണ് ന്യൂദല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബി.ജെ.പിയുടെ മീനാക്ഷി ലേഖിയും ആംആദ്മി പാര്‍ട്ടിയുടെ ബ്രിജേഷ് ഗോയലുമാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.

ഇന്നു നടക്കുന്ന ആറാംഘട്ട വോട്ടെടുപ്പില്‍ രാജ്യത്തെ 59 മണ്ഡലങ്ങളണ് പോളിങ് ബൂത്തിലെത്തിയിട്ടുള്ളത്.

മനേകാ ഗാന്ധി അടക്കമുള്ള കേന്ദ്രമന്ത്രിമാരുടെയും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷനേതാക്കളുടെയും ജനവിധിയാണ് ഇന്നെഴുതുന്നത്. മനേകയെക്കൂടാതെ കേന്ദ്രമന്ത്രിമാരായ രാധാ മോഹന്‍ സിങ്, ഹര്‍ഷ് വര്‍ധന്‍, കോണ്‍ഗ്രസ് നേതാക്കളായ ദിഗ്വിജയ സിങ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ മണ്ഡലങ്ങളിലും നാളെ വിധിയെഴുത്ത് നടക്കും.

ഉത്തര്‍പ്രദേശിലെ 14, ഹരിയാണയിലെ 10, ബിഹാര്‍, മധ്യപ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലെ എട്ട്, ദല്‍ഹിയിലെ ഏഴ്, ജാര്‍ഖണ്ഡിലെ നാല് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. 10.17 കോടി വോട്ടര്‍മാരാണ് 979 സ്ഥാനാര്‍ഥികളുടെ വിധിയെഴുതുക. 1.13 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഇവര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ കഴിഞ്ഞതവണ 45-ഉം നേടിയത് ബി.ജെ.പിയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എട്ട് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് നേടാനായത് രണ്ടെണ്ണം മാത്രമാണ്. എസ്.പിയും എല്‍.ജെ.പിയും ഓരോ സീറ്റുകള്‍ നേടി.

We use cookies to give you the best possible experience. Learn more