| Monday, 28th December 2020, 12:11 pm

രാഹുല്‍ മുത്തശ്ശിയെ കാണാന്‍ പോയതാണ്, അതിലെന്താണ് തെറ്റ്? ബി.ജെ.പി കളിക്കുന്നത് തരംതാണ രാഷ്ട്രീയമെന്നും കെ.സി വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഇറ്റലിയില്‍ പോയതിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധി ടൂറിസ്റ്റ് പൊളിറ്റീഷ്യനാണെന്നതടക്കമുള്ള ബി.ജെ.പി നേതാക്കളുടെ പരിഹാസ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ മുത്തശ്ശിയെ കാണാന്‍ പോയതാണ്, അതിലെന്താണ് തെറ്റ്? എല്ലാവര്‍ക്കും വ്യക്തിപരമായ യാത്രകളും സന്ദര്‍ശനങ്ങളും നടത്താനുമുള്ള അവകാശമുണ്ട്. ബി.ജെ.പി തരംതാണ രാഷ്ട്രീയം കളിക്കുകയാണ്. അവര്‍ക്ക് ഒരേയൊരു നേതാവിനേയെ ഉന്നംവെക്കണമെന്നുള്ളു, അതുകൊണ്ടാണ് അവര്‍ രാഹുല്‍ ഗാന്ധിയെ ടാര്‍ഗറ്റ് ചെയ്യുന്നത്,’ കെ.സി വേണുഗോപാല്‍ എ.എന്‍.ഐയോട് പറഞ്ഞു.

ഞായറാഴ്ചയാണ് രാഹുല്‍ഗാന്ധി വ്യക്തിപരമായ ആവശ്യത്തിനായി ഇറ്റലിയിലേക്ക് പോയത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനസ്ഥലത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടില്ല. കുറച്ചു ദിവത്തേക്ക് രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ഉണ്ടായിരിക്കുകയില്ലെന്ന് മാത്രം പാര്‍ട്ടി വക്താവായ രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു.

ഇതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ ടൂറിസ്റ്റ് പൊളിറ്റീഷന്‍ എന്ന് പരിഹസിച്ച് ബി.ജെ.പി നേതാവ് ഡി.കെ അരുണ രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിദേശയാത്ര തടയാന്‍ 90 ശതമാനം കോണ്‍ഗ്രസ് നേതാക്കളും ശ്രമിച്ചുവെന്നും എന്നിട്ടും നടന്നില്ലെന്നും അരുണ പറഞ്ഞു. നിങ്ങള്‍ക്ക് എങ്ങനെയാണ് ജനങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുന്നതെന്നും നിങ്ങളെങ്ങനെയാണ് പ്രതിപക്ഷമാവുന്നതെന്നും അരുണ ചോദിച്ചു. കൂടാതെ കര്‍ഷക സഹോദരങ്ങള്‍ ഈ ടൂറിസ്റ്റ് പൊളിറ്റീഷനാല്‍ തെറ്റിദ്ധരിക്കപ്പെടരുതെന്നും അരുണ കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് ജെ.പി നദ്ദയും രംഗത്തെത്തിയിരുന്നു.

ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ ഉപഭോക്താക്കളുമായി നേരിട്ട് വില്‍പ്പന നടത്തുന്നതിനെ അനുകൂലിച്ചുകൊണ്ട് 2015ല്‍ ലോക്‌സഭയില്‍ വെച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഉള്‍പ്പെടെ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജെ.പി നദ്ദയുടെ പരിഹാസ ട്വീറ്റുണ്ടായിരുന്നത്.

‘ഇതെന്തൊരു മായാജാലമാണ് രാഹുല്‍ജീ, മുന്‍പ് നിങ്ങള്‍ അനുകൂലിച്ചു ഇപ്പോള്‍ നിങ്ങള്‍ വിയോജിക്കുന്നു. രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി നിങ്ങള്‍ ഒന്നും ചെയ്തിട്ടില്ല’. ജെ.പി നദ്ദ ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്നും പക്ഷേ ആ അതിബുദ്ധി ഫലത്തില്‍ വരില്ലെന്നും ട്വീറ്റില്‍ ജെ.പി നദ്ദ പറഞ്ഞു. കര്‍ഷകര്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും താങ്കളെക്കുറിച്ച് ബോധ്യമായിക്കാണുമെന്നും ജെ.പി നദ്ദ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi visiting Italy controversy, Congress leader K C Venugopal reply to BJP

Latest Stories

We use cookies to give you the best possible experience. Learn more