| Saturday, 17th September 2022, 8:02 am

'അമ്മയെ കാണാനായത് ഭാഗ്യം, പാവപ്പെട്ടവരെയും പീഡിതരേയും സഹായിക്കുന്ന അമ്മ'; അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: ഭാരത് ജോഡോ യാത്രയ്ക്കിടെ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊല്ലം കരുനാഗപ്പള്ളിയിലെ ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കിയ ശേഷമാണ് രാഹുല്‍ ഗാന്ധി അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശനം നടത്തിയത്. മഠത്തില്‍ 45 മിനുട്ടോളം ചെലവഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്.

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തിയ വിവരം രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ പങ്കുവെച്ചു. ‘കരുനാഗപ്പള്ളിക്കടുത്തുള്ള ആശ്രമത്തില്‍ വച്ച് അമൃതാനന്ദമയി അമ്മയെ കണ്ടുമുട്ടാന്‍ സാധിച്ചത് ഭാഗ്യമായി. പാവപ്പെട്ടവരെയും പീഡിതരെയും സഹായിക്കുന്നതിന് അമ്മയുടെ സംഘടന ചെയ്ത അത്ഭുതകരമായ പ്രവര്‍ത്തനങ്ങളില്‍ വളരെ മതിപ്പുളവായി. എന്റെ എളിയ അഭിവാദനങ്ങള്‍ അര്‍പ്പിക്കുകയും പകരം അവരുടെ ഊഷ്മളമായ സ്‌നേഹം നിറഞ്ഞ ആലിംഗനം സ്വീകരിക്കുകയും ചെയ്തു!’രാഹുല്‍ ഗാന്ധി കുറിച്ചു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ആലപ്പുഴയില്‍ പ്രവേശിക്കും. രാവിലെ കരുനാഗപ്പള്ളി പുതിയകാവില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര ഓച്ചിറ വഴിയാണ് ആലപ്പുഴയില്‍ പ്രവേശിക്കുക.

മൂന്ന് ദിവസം നീണ്ടുനിന്ന കൊല്ലം ജില്ലയിലെ യാത്രയില്‍ കശുവണ്ടി തൊഴിലാളികളോടും വിദ്യാര്‍ത്ഥികളോടും കരിമണല്‍ ഖനന തൊഴിലാളികളോടും രാഹുല്‍ ഗാന്ധി സംവദിച്ചു.

സെപ്റ്റംബര്‍ എട്ടിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര കൊല്ലം ജില്ലയില്‍ പര്യടനം കഴിഞ്ഞു. സംസ്ഥാനത്ത് പതിനെട്ട് ദിവസം പര്യടനം നടത്തുന്ന യാത്ര 29ന് നിലമ്പൂര്‍ വഴി കര്‍ണാടകയില്‍ പ്രവേശിക്കും. 150 ദിവസം 3,751 കിലോമീറ്റര്‍ പിന്നിട്ടാണ് യാത്ര ജമ്മു കശ്മീരില്‍ സമാപിക്കുക.

സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, ദിഗ്വിജയ് സിങ്, ജയറാം രമേശ് എന്നിവര്‍ മുഴുവന്‍ സമയം ജാഥയെ അനുഗമിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള പടപ്പുറപ്പാട് എന്നാണ് കോണ്‍ഗ്രസ് യാത്രയെ വിശേഷിപ്പിക്കുന്നത്.

അതേസമയം, ഭാരത് ജോഡോ യാത്രക്ക് പുറമെ അടുത്ത യാത്ര പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. അടുത്ത വര്‍ഷം ആദ്യമായിരിക്കും യാത്ര. ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം മുതല്‍ കിഴക്കേയറ്റം വരെയാണ് പദയാത്ര നടത്തുക.

അടുത്ത വര്‍ഷം ആദ്യം യാത്ര തുടങ്ങുമെന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് പറഞ്ഞത്. പടിഞ്ഞാറ് ഗുജറാത്ത് മുതല്‍ കിഴക്ക് അരുണാചല്‍ പ്രദേശ് വരെയാണ് യാത്ര നടത്തുക.

Content Highlight: Rahul Gandhi Visited Amrithanandamayi Ashram at Kollam during Jodo Yatra

We use cookies to give you the best possible experience. Learn more