| Tuesday, 28th August 2018, 11:32 am

സഹായിക്കുമെന്നാണോ പറഞ്ഞതെന്ന് മനസിലായില്ല പക്ഷേ മുഖം കണ്ടാലറിയാം, അദ്ദേഹം സഹായിക്കും; രാഹുലില്‍ പ്രതീക്ഷയര്‍പ്പിച്ച് പാണ്ടനാട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെങ്ങന്നൂര്‍: സംസ്ഥാനത്തെ പ്രളയബാധിത മേഖലകളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുന്നു. രാവിലെ എട്ടരയോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രാഹുല്‍ വിശ്രമത്തിന് ശേഷം ഹെലികോപ്റ്ററില്‍ ചെങ്ങന്നൂരില്‍ എത്തി.

പാണ്ടനാട്ടെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയ അദ്ദേഹം ദുരിതബാധിതരുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. കെ.സി വേണുഗോപാല്‍ എം.പി തുടങ്ങിയവര്‍ രാഹുലിനൊപ്പം ദുരിതാശ്വാസ ക്യാമ്പിലെത്തിയിരുന്നു.

സുരക്ഷ മുന്‍നിര്‍ത്തി ആളുകളെ കസേരയില്‍ ഇരുത്തിയ ശേഷമായിരുന്നു രാഹുലിനെ ക്യാമ്പിലേക്ക് എത്തിച്ചത്. ഓരോരുത്തരുടെ അടുത്തുചെന്നും രാഹുല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.


Dont Miss ഓണപ്പരീക്ഷ ഉടന്‍ ഇല്ല; തകര്‍ന്ന സ്‌കൂളുകള്‍ നാളെ തുറക്കേണ്ടതില്ലെന്നും വിദ്യാഭ്യാസമന്ത്രി


ക്യാമ്പില്‍ കഴിയുന്ന സ്ത്രീകളോടും കുട്ടികളോടുമുള്‍പ്പെടെ രാഹുല്‍ സംസാരിച്ചു. രമേശ് ചെന്നിത്തലയായിരുന്നു രാഹുലിന് ആളുകള്‍ പറയുന്നത് പരിഭാഷപ്പെടുത്തിക്കൊടുത്തത്.

രാഹുലിന്റെ സന്ദര്‍ശത്തില്‍ പ്രതീക്ഷയുണ്ടെന്നും തങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്നും ക്യാമ്പിലുള്ളവര്‍ പറഞ്ഞു. രാഹുല്‍ സഹായിക്കാമെന്ന് ഉറപ്പുനല്‍കിയോ എന്ന ചോദ്യത്തിന് “സഹായിക്കുമെന്നാണോ പറഞ്ഞതെന്ന് ഞങ്ങള്‍ക്ക് മനസിലായില്ലെന്നും പക്ഷേ ഞങ്ങള്‍ക്ക് ചെറിയൊരു ഊഹമുണ്ടെന്നും അദ്ദേഹത്തിന്റെ മുഖത്തുനിന്നും അദ്ദേഹം ഞങ്ങളെ സഹായിക്കുമെന്ന് തന്നെയാണ് മനസിലായതെന്നുമായിരുന്നു ചിലരുടെ പ്രതികരണം.

പാണ്ടനാട് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ കാര്യം പറഞ്ഞു. ജീവന്‍ മാത്രമാണ് തിരികെ ലഭിച്ചത്. ബാക്കിയെല്ലാം നഷ്ടപ്പെട്ടു. എല്ലാ കാര്യവും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. സഹായിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു.

ഇടനാട്പാണ്ടനാട് ആറന്മുള എന്നിവിടങ്ങളിലും രാഹുല്‍ സന്ദര്‍ശനം നടത്തും. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം ആലപ്പുഴ, കൊച്ചി എന്നിവടങ്ങളിലേക്കാണ് രാഹുല്‍ പോകുന്നത്.

മത്സ്യതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്. 29ന് കോഴിക്കോട് വയനാട് മേഖലകളിലാണ് രാഹുല്‍ ഗാന്ധുയുടെ സന്ദര്‍ശനം ഉണ്ടാവുക. പിന്നീട് ദല്‍ഹിയിലേക്ക് മടങ്ങും.

രാഹുല്‍ ഗാന്ധിയുടെ വരവ് പ്രളയബാധിതര്‍ക്ക് വലിയ ആശ്വാസമാകുമെന്നും, കൂടുതല്‍ തുക പാര്‍ട്ടി നേതൃത്വങ്ങള്‍ വഴി എത്തിക്കാന്‍ രാഹുലിനോട് ആവശ്യപ്പെടുമെന്നും കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more