| Friday, 23rd August 2019, 8:41 pm

ഗവര്‍ണറുടെ വെല്ലുവിളി സ്വീകരിച്ചു; രാഹുല്‍ ഗാന്ധി നാളെ കശ്മീരിലേക്ക്; ഒപ്പം യെച്ചൂരിയും രാജയും ഗുലാം നബി ആസാദും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ രാഹുലിനോടൊപ്പം ഉണ്ടാകും.

കശ്മീര്‍ സന്ദര്‍ശനത്തില്‍ അവിടെയുള്ള മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും പ്രാദേശിക നേതാക്കളെയും സംഘം സന്ദര്‍ശിക്കും.

തങ്ങള്‍ വിമാനം അയക്കാം, രാഹുല്‍ കശ്മീരിലേക്കു വന്ന് യാഥാര്‍ഥ്യം കാണൂവെന്ന് കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നേരത്തേ പറഞ്ഞിരുന്നു. ആ വെല്ലുവിളി സ്വീകരിച്ചാണ് രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തങ്ങള്‍ കശ്മീരിലേക്കു വരുന്നുണ്ടെന്നും അതിനു തങ്ങള്‍ക്കു വിമാനമൊന്നും വേണ്ട സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മാത്രം മതിയെന്നും രാഹുല്‍ മറുപടിയായി മാലിക്കിനോടു പറഞ്ഞിരുന്നു.

‘പ്രിയ ഗവര്‍ണര്‍ മാലിക്, ജമ്മുകശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ മഹനീയ ക്ഷണം പ്രതിപക്ഷ നേതാക്കളുടെ സംഘവും ഞാനും ഏറ്റെടുക്കുന്നു. ഞങ്ങള്‍ക്ക് എയര്‍ക്രാഫ്റ്റ് ഒന്നും വേണ്ട, സഞ്ചരിക്കാനും ജനങ്ങളെക്കാണാനും മുഖ്യധാരാ നേതാക്കളേയും അവിടെ നിലയുറപ്പിച്ച നമ്മുടെ പട്ടാളക്കാരേയും കാണാനുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തിയാല്‍ മതി.’ എന്നായിരുന്നു രാഹുലിന്റെ മറുപടി.

തടവില്‍ക്കഴിയുന്ന നേതാക്കളെ കാണുന്നതടക്കമുള്ള നിബന്ധനകളാണ് രാഹുല്‍ കശ്മീര്‍ സന്ദര്‍ശിക്കുന്നതിനു മുന്‍പേ മുന്നോട്ടുവെച്ചിരിക്കുന്നതെന്നുമായിരുന്നു സത്യപാല്‍ മാലിക് പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരിലെ സ്ഥിതിയെക്കുറിച്ചുള്ള വ്യാജവാര്‍ത്ത കേട്ടിട്ടാവും രാഹുല്‍ പ്രതികരിക്കുന്നത്. അവഗണിക്കാവുന്ന സംഭവങ്ങള്‍ മാത്രമാണ് ഇവിടെയുണ്ടായിരിക്കുന്നത്. താഴ്‌വരയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യന്‍ ചാനലുകള്‍ അദ്ദേഹം പരിശോധിക്കട്ടെയെന്നും മാലിക് പറഞ്ഞിരുന്നു.

പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സി.പി.ഐ.എം എം.എല്‍.എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി. രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇരുവരേയും വിമാനത്താവളത്തില്‍ തടയുകയായിരുന്നു.

കൂടാതെ കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും വീട്ടുതടങ്കലിലാണ്.

Latest Stories

We use cookies to give you the best possible experience. Learn more