ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികളും കര്‍ഷകരും മോദിക്ക് ശത്രുക്കളാണ് ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ മാത്രമാണ് മോദിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞത്.
ക്രോണി ക്യാപിറ്റലിസ്റ്റുകള്‍ ഉറ്റ സുഹൃത്തുക്കളുമാണ്’, രാഹുല്‍ പറഞ്ഞു
കര്‍ഷകരെ പിന്തുണച്ച് നേരത്തെയും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ 20ാം ദിവസവും സമരം തുടരുകയാണ്.
കര്‍ഷക സമരത്തെ തകര്‍ക്കാന്‍ ബി.ജെ.പി നിരവധി ആരോപണങ്ങളുമായി രംഗത്ത് വരുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊതു നയങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
ഇടത് ചിന്താഗതിയില്‍ വിശ്വസിക്കുന്ന ചിലര്‍ സമരത്തില്‍ ‘നുഴഞ്ഞ്’ കയറി കര്‍ഷകരെ സ്വാധീനിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആരോപിച്ചിരുന്നു. മോദി വിരുദ്ധ വികാരമാണ് പ്രതിഷേധത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നും തോമര്‍ ആരോപിച്ചിരുന്നു.
‘സര്‍ക്കാര്‍ വിജയകരമായി ചര്‍ച്ച ആരംഭിച്ചുവെങ്കിലും ഏകകണ്ഠമായ തീരുമാനത്തിലെത്താന്‍ കര്‍ഷക യൂണിയന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അമ്പരപ്പിക്കുന്നതാണ്.
ഇടതുപക്ഷ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ ഈ പ്രതിഷേധത്തെ സ്വാധീനിക്കുന്നു.എന്നായിരുന്നു ദ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
കര്‍ഷകര്‍ ഡിസംബര്‍ 17ന് അകം ഒഴിഞ്ഞു പോയില്ലെങ്കില്‍ താനും സംഘവും എത്തി കര്‍ഷകരെ ഒഴിപ്പിക്കുമെന്നും മറ്റൊരു ജാഫ്രബാദ് കലാപം ആവര്‍ത്തിക്കുമെന്നും ഹിന്ദുത്വ നേതാവ് രാഗിണി തിവാരി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍, റാവോ സാഹേബ് ദാന്‍വെ തുടങ്ങി നിരവധി പേരാണ് ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.എന്നാല്‍, കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.