| Monday, 6th August 2018, 10:55 am

ഗഡ്കരിയുടെ പ്രസ്താവന ബി.ജെ.പിയെ തിരിഞ്ഞുകൊത്തുന്നു; ആളുകള്‍ക്ക് കൊടുക്കാന്‍ തൊഴിലില്ലെന്ന ഗഡ്കരിയുടെ പ്രസ്താവന ഏറ്റെടുത്ത് രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മറാത്ത സംവരണ പ്രക്ഷോഭകര്‍ക്ക് നല്‍കാന്‍ തൊഴില്‍ എവിടെയാണുള്ളതെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചോദ്യമേറ്റെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നല്ല ചോദ്യമാണ് ഗഡ്കരി ചോദിച്ചതെന്നും എല്ലാ ഇന്ത്യക്കാരും ഇതു തന്നെയാണ് ചോദിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

മറാത്ത സംവരണ പ്രക്ഷോഭകരോടാണ് ഗഡ്കരി നല്‍കാന്‍ പണിയില്ലെന്ന് പറഞ്ഞിരുന്നത്. സംവരണം നല്‍കിയാലും നല്‍കാന്‍ തൊഴില്‍ എവിടെയാണ് എന്നതായിരുന്നു നിതിന്‍ ഗഡ്കരിയുടെ ചോദ്യം. സാങ്കേതിക വിദ്യയുടെ വരവോടു കൂടി ബാങ്കുകളില്‍ തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു. സര്‍ക്കാര്‍ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ഗഡ്കരി പറഞ്ഞിരുന്നു.

രാജ്യത്ത് തൊഴിലവസരങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് തുറന്നു പറഞ്ഞതിലൂടെ മോദി സര്‍ക്കാര്‍ പരാജയമാണെന്ന് നിതിന്‍ ഗഡ്കരി തുറന്നു സമ്മതിച്ചിരിക്കുകയാണെന്ന് നേരത്തെ സി.പി.ഐ.എമ്മും പ്രതികരിച്ചിരുന്നു.

ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു 2014 ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ബി.ജെ.പിയുടെ വാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍ മോദി അധികാരത്തിലെത്തിയതിന് പിന്നാലെ യു.പി.എ കാലത്തേക്കാള്‍ അവസരങ്ങള്‍ ഇടിഞ്ഞെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്‍.ഡി.എ മുന്നോട്ടുവെച്ച മെയ്ക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയവയൊന്നും ഇക്കാര്യത്തില്‍ ഉപകാരമായില്ല. പകരം നോട്ടുനിരോധനം പല തൊഴില്‍മേഖലയെയും പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്.

We use cookies to give you the best possible experience. Learn more