രാഷ്ട്രീയ പ്രവര്‍ത്തനം മാറ്റിവെച്ച് നിങ്ങള്‍ ജനങ്ങളെ സഹായിക്കൂ,ഈ സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു; അഭ്യര്‍ത്ഥനയുമായി രാഹുല്‍ ഗാന്ധി
national news
രാഷ്ട്രീയ പ്രവര്‍ത്തനം മാറ്റിവെച്ച് നിങ്ങള്‍ ജനങ്ങളെ സഹായിക്കൂ,ഈ സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു; അഭ്യര്‍ത്ഥനയുമായി രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th April 2021, 1:59 pm

ന്യൂദല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ വലയുന്ന ഇന്ത്യന്‍ ജനതയെ സഹായിക്കാനായി രാഷ്ട്രീയ പ്രവര്‍ത്തനം മാറ്റിവെച്ച് ഇറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച് രാഹുല്‍ഗാന്ധി. സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു എന്നും ജനങ്ങള്‍ക്ക് പ്രവര്‍ത്തിക്കേണ്ട സമയമാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

‘സിസ്റ്റം പരാജയപ്പെട്ടിരിക്കുന്നു, ജനങ്ങള്‍ക്ക് വേണ്ടി (ജന്‍ കി ബാത്ത്) പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനം:

ഈ ദുരന്തത്തില്‍ ഉത്തരവാദിത്വമുള്ള പൗരന്മാരെയാണ് രാജ്യത്തിനാവശ്യം. അതുകൊണ്ട് ഞാന്‍ എന്റെ കോണ്‍ഗ്രസ് സഹപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയാണ്, നിങ്ങള്‍ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനവും മാറ്റിവെച്ച് ജനങ്ങള്‍ക്കൊപ്പം നില്‍ക്കൂ, അവരെ സഹായിക്കൂ.

കോണ്‍ഗ്രസ് കുടുംബത്തിന്റെ ധര്‍മം അതാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രി ഇന്ന് മന്‍ കി ബാത്തില്‍ ജനങ്ങളെ അഭിസംബോധന ചെയത് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

കഴിഞ്ഞ ദിവസവും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. പി. ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയും മറ്റു അനാവശ്യ പദ്ധതികള്‍ക്ക് വേണ്ടിയും പണം ചെലവാക്കുന്നതിന് പകരം കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിലും ഓക്‌സിജന്‍ എത്തിക്കുന്നതിലുമാണ് കേന്ദ്രം ശ്രദ്ധ ചെലുത്തേണ്ടതെന്നാണ് രാഹുല്‍ പറഞ്ഞത്.

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന്‍ നഷ്ടപ്പെട്ടതോടെ ആകെ മരണ സംഖ്യ 1,92,311 ആയി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi urges Congress workers to help people amid COVID-19 surge