ന്യൂദല്‍ഹി: ഹെലികോപ്റ്റര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കയറിയ വിമാനം തിരിച്ചിറക്കി.
പട്‌നയിലേക്ക് പോകാന്‍ യാത്ര തിരിച്ച തനിക്ക് ദല്‍ഹിയില്‍ തന്നെ തിരിച്ചിറങ്ങേണ്ടി വന്നെന്ന് രാഹുല്‍ തന്നെയാണ് ട്വിറ്ററില്‍ കുറിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു യാത്ര. എന്നാല്‍ ഹെലികോപ്റ്റര്‍ ഉയര്‍ന്ന് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ യന്ത്രത്തകരാര്‍ ഉണ്ടാവുകയായിരുന്നു. ഹെലികോപ്റ്ററിനുള്ളില്‍ നിന്നെടുത്ത വീഡിയോ രാഹുല്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്.
ബിഹാര്‍, ഒഡീഷ്യ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പ്രചാരണ യോഗം വൈകുമെന്നും മുന്‍കൂട്ടി ക്ഷമ ചോദിക്കുന്നു എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ അറിയിച്ചു.
” പാറ്റ്‌നയിലേക്കുള്ള യാത്രയ്ക്കിടെ ഞങ്ങളുടെ വിമാനത്തിന് യന്ത്രത്തകരാര്‍ സംഭവിച്ചിരിക്കുന്നു. ദല്‍ഹിയിലേക്ക് തന്നെ തിരിച്ചുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ബീഹാറിലെ സമസ്തിപൂരിലും ഒറീസയിലെ ബലസോരയിലും മഹാരാഷ്ട്രയിലെ സന്‍ഗംനഗറിലും നടത്താന്‍ തീരുമാനിച്ചിരുന്ന പ്രചരണ പരിപാടികള്‍ വൈകും. ബുദ്ധിമുട്ടിച്ചതില്‍ ഖേദം രേഖപ്പെടുത്തുന്നു”- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ കാബിനിലിരിക്കുന്നതും കോക്പിറ്റിലിരുന്ന പൈലറ്റ് വിമാനം നിയന്ത്രിക്കുന്നതും വീഡിയോയില്‍ കാണാം. 2018 ല്‍ കര്‍ണാടകയിലെ ഹൂബ്ലിയിലേക്കുള്ള യാത്രമധ്യേ രാഹുല്‍ സഞ്ചരിച്ച വിമാനത്തിന് യന്ത്രത്തകരാര്‍ ഉണ്ടാകുകയും വിമാനം അടിയന്തരമായി ഇറക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ അട്ടിമറി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു