| Tuesday, 6th August 2019, 1:14 pm

'കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടത്'; 24 മണിക്കൂറിനു ശേഷം പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞുകൊണ്ടുള്ള ഉത്തരവ് അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച് 24 മണിക്കൂറിനു ശേഷം പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ഭരണഘടനയെ ലംഘിച്ചു കൊണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ തടങ്കലിലാക്കിയും കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറിക്കൊണ്ടുമല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടത്. ഈ രാജ്യം നിര്‍മിച്ചിരിക്കുന്നത് ജനങ്ങളെക്കൊണ്ടാണ് അല്ലാതെ ഓരോ തുണ്ട് ഭൂമിയും കൊണ്ടല്ല. ഭരണ നിര്‍വഹന അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് ദേശീയ സുരക്ഷയ്ക്ക് കല്ലറ തീര്‍ക്കുന്നത് പോലെയാണ്.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ജമ്മു കശ്മീരില്‍ പുതിയ നിയമങ്ങളും വ്യവസ്ഥകളും കൊണ്ടുവരുന്നതില്‍ നിന്നും ആര്‍ക്കും തങ്ങളെ തടയാന്‍ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പറഞ്ഞിരുന്നു.

ജമ്മു കശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ താന്‍ പാക് അധിനിവേശ കശ്മീരിനെ കുറിച്ചും പറയുമെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നുമായിരുന്നു അമിത് ഷാ പറഞ്ഞിരുന്നു.

നിങ്ങള്‍ പാക് അധീന കശ്മീരിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും നിങ്ങള്‍ എല്ലാ നിയമങ്ങളും ലംഘിക്കുകയും ഒറ്റരാത്രികൊണ്ട് ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്തെന്നും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ഇതാണ് അമിത് ഷായെ ചൊടിപ്പിച്ചത്.

ഒറ്റരാത്രി കൊണ്ട് ഭരണഘടനയുടെ എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ലോക്സഭയില്‍ ഏറെനേരമായി അമിത് ഷായും ചൗധരിയും തമ്മില്‍ വാക്പോര് നടന്നിരുന്നു.

We use cookies to give you the best possible experience. Learn more