| Wednesday, 24th July 2019, 8:03 am

അവരുടെ അത്യാഗ്രഹം വിജയിച്ചിരിക്കുന്നു; ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടെന്നും രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജനാധിപത്യവും സത്യസന്ധതയും കര്‍ണാടകയിലെ ജനങ്ങളും പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി. കര്‍ണാടകയിലെ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യം ബി.ജെ.പിക്ക് ഭീഷണിയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘ആദ്യ ദിവസം മുതലേ കര്‍ണാടകയിലെ കോണ്‍ഗ്രസ് -ജെ.ഡി.എസ് സഖ്യം നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ടാര്‍ഗെറ്റ് ആയിരുന്നു. അവരുടെ പാതയിലെ ഒരു തടസ്സമായും ഭീഷണിയായും സഖ്യസര്‍ക്കാരിനെ കണ്ടു. അവരുടെ അത്യാഗ്രഹം വിജയിച്ചിരിക്കുന്നു’- രാഹുല്‍ ട്വീറ്റ് ചെയ്തു.

എല്ലാം വാങ്ങാന്‍ കഴിയില്ലെന്നും എല്ലാവരേയും ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും എല്ലാ നുണകളും ഒടുവില്‍ തുറന്നുകാട്ടപ്പെടുമെന്ന് ബി.ജെ.പി ഒരു നാള്‍ തിരിച്ചറിയുമെന്ന് പ്രിയങ്കാ ഗാന്ധിയും ട്വീറ്റ് ചെയ്തു.

16 വിമത എം.എല്‍.എമാര്‍ നിയമസഭാംഗത്വം രാജിവെച്ചതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെട്ടത്. തുടര്‍ന്നാണ് അവര്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതും.

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇന്നലെ ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരിന് 99 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. 105 അംഗങ്ങള്‍ വിശ്വാസ പ്രമേയത്തെ എതിര്‍ത്തു. പോരാട്ടത്തില്‍ വിജയിച്ചില്ലെന്നും എന്നാല്‍ ഇതിലൂടെ ബി.ജെ.പിയെ തുറന്നുകാട്ടാനായെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റേതാണ് പ്രതികരണം. എം.എല്‍.എമാര്‍ ബിജെപിയുടെ കള്ള വാഗ്ദാനത്തില്‍ വീണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

ഇന്ന് നിയമസഭാ കക്ഷിയോഗം ചേരുന്ന ബി.ജെ.പി, പ്രതീക്ഷിച്ചതുപോലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പയെ കക്ഷിനേതാവായി തെരഞ്ഞെടുക്കും. നാളെത്തന്നെ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കും.

We use cookies to give you the best possible experience. Learn more