നോട്ടു നിരോധനം വലിയ ദുരന്തമായിരുന്നു; വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിനാളുകളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കിയെന്നും രാഹുല്‍
India
നോട്ടു നിരോധനം വലിയ ദുരന്തമായിരുന്നു; വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിനാളുകളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കിയെന്നും രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th November 2017, 9:33 am

 

ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ടു നിരോധിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകവേ നടപടിക്കെതിരെ വീണ്ടും വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടു നിരോധനം ദുരന്തമായിരുന്നെന്ന് രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു.


Also Read: നോട്ടുനിരോധനം നാറാണത്തു ഭ്രാന്തന്റെ മിന്നലാക്രമണം: കാര്യകാരണം നിരത്തി തോമസ് ഐസക്


“നോട്ട് നിരോധനം വലിയ ദുരന്തമായിരുന്നു. ഞങ്ങള്‍ നിഷ്‌കളങ്കരായ ഇന്ത്യക്കാര്‍ക്കൊപ്പമാണ്. പ്രധാനമന്ത്രിയുടെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി നൂറുകണക്കിന് ആളുകളുടെ ജീവിതമാര്‍ഗം ഇല്ലാതാക്കി” രാഹുല്‍ ട്വീറ്റ് ചെയ്തു.

നോട്ടു നിരോധനം സമയത്ത ഏറെ ശ്രദ്ധിക്കപ്പെട്ട ബാങ്ക് ക്യൂവില്‍ ദയനീയതയോടെ നില്‍ക്കുന്ന വൃദ്ധന്റെ ചിത്രവും രാഹുല്‍ ട്വിറ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞദിവസം മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും മോദി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. നോട്ടുകള്‍ അസാധുവാക്കിയ നടപടി മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്നായിരുന്നു മന്‍മോഹന്‍സിങ് പറഞ്ഞിരുന്നത്.


Dont Miss: നിമിഷ ഫാത്തിമയുടെ അമ്മ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയെ കണ്ടു


നോട്ടുനിരോധന വിഷയത്തില്‍ രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയാറാവണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടിരുന്നു.

നോട്ടു നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കരിദിനമായാണ് കോണ്‍ഗ്രസ് ആചരിക്കുന്നത്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിവിധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.