Advertisement
Karnataka Election
ഇത് ബി.ജെ.പി തന്ന സമ്മാനം, ഇതുകൊണ്ട് തുടങ്ങും കോണ്‍ഗ്രസിന്റെ പ്രചാരണം: അമിത് ഷായെ ട്രോളി രാഹുലിന്റെ ട്വീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Mar 27, 10:30 am
Tuesday, 27th March 2018, 4:00 pm

ന്യൂദല്‍ഹി: ബി.ജെ.പിയുടെ കര്‍ണാടകയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പ അഴിമതിക്കാരനാണെന്ന് അമിത് ഷാ പത്രസമ്മേളനത്തില്‍ അബദ്ധത്തില്‍ പറഞ്ഞതിനെ ട്രോള്‍ ചെയ്ത് രാഹുല്‍ ഗാന്ധി. ഇത് ഞങ്ങള്‍ക്കുള്ള ബി.ജെ.പി അദ്ധ്യക്ഷന്റെ സമ്മാനമാണെന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗംഭീര തുടക്കമാണിതെന്നും രാഹുല്‍ കുറിച്ചു.

ഏറ്റവും അഴിമതിക്കാരനായ സര്‍ക്കാര്‍ ഏതാണെന്നൊരു മത്സരം സംഘടിപ്പിച്ചാല്‍ യെദ്യൂരപ്പയാവും അതില്‍ ഒന്നാം സ്ഥാനമെന്നാണ് അമിത് ഷാ പറഞ്ഞത്. യെദ്യൂരപ്പ വേദിയില്‍ തൊട്ടടുത്തിരിക്കുമ്പോഴായിരുന്നു അമിത് ഷായുടെ “ആരോപണം”. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Read Also: കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ ഇനി നിന്നു യാത്ര പാടില്ല; ഹൈക്കോടതി


തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പേ ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ തെരഞ്ഞെടുപ്പ് തീയതി പുറത്ത് വിട്ടതിനെയും രാഹുല്‍ ട്രോള്‍ ചെയ്തു. ബി.ജെ.പി ഐ.ടി സെല്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പില്‍ ഞങ്ങളുടെ സീക്രട്ട് വീഡിയോ പുറത്ത് വിടുന്നു എന്ന് പറഞ്ഞാണ് രാഹുലിന്റെ ട്വീറ്റ് ആരംഭിച്ചത്.

“ബി.ജെ.പി ഐ.ടി സെല്‍ കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഈ സാഹചര്യത്തില്‍ ഞങ്ങളുടെ ടോപ് സീക്രട്ട് വീഡിയോ പങ്കുവെക്കുന്നു. ഇത് ബി.ജെ.പി അദ്ധ്യക്ഷന്റെ സമ്മാനമാണ്. കര്‍ണാടകയിലെ ഞങ്ങളുടെ പ്രചാരണത്തിന് ഗംഭീര തുടക്കമാണിത്. യെദ്യൂരപ്പയുടെ സര്‍ക്കാരാണ് ഏറ്റവും അഴിമതി നടത്തിയതെന്നാണ് അയാള്‍ പറയുന്നത്. സത്യം.” – രാഹുല്‍ ട്വീറ്റ് ചെയ്തു.


പത്രസമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കുറുകള്‍ക്ക് മുന്‍പ് തന്നെ അമിത് മാളവ്യ തിയതി ട്വീറ്റ് ചെയ്യുകയായിരുന്നു. 11.08 നായിരുന്നു ട്വീറ്റ്.

2018 മെയ് 12 ന് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുമെന്നും മെയ് 18 ന് വോട്ടെണ്ണല്‍ നടക്കുമെന്നുമായിരുന്നു ട്വീറ്റ്.


Read Also: ‘ഒരു കേന്ദ്രമന്ത്രിക്ക് ചേര്‍ന്നതല്ല ഈ ബിക്കിനി പരാമര്‍ശം’; കണ്ണന്താനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍


എന്നാല്‍ ഇലക്ഷന്‍ കമ്മീഷന്‍ തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് എങ്ങനെ ബി.ജെ.പി ഐ.ടി സെല്‍ തലവന് തിയതി ലഭിച്ചുവെന്ന ചോദ്യം മാധ്യമപ്രവര്‍ത്തകരില്‍ നിന്നും ഉയര്‍ന്നതിന് പിന്നാലെ ഇദ്ദേഹം ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ സി.ബി.ഐ-ഐ.ബി അന്വേഷണം ആവശ്യപ്പെടുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒ.പി റാവത്ത് പറഞ്ഞു.