ന്യൂദൽഹി: റെയിൽവേ പോർട്ടർമാരെ സന്ദർശിക്കുവാൻ അവരിലൊരാളായി പോർട്ടർ വേഷവും ബാഡ്ജും ധരിച്ച് രാഹുൽ ഗാന്ധി. ദൽഹിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിലെ പോർട്ടർമാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ എത്തിയ അദ്ദേഹം ചുമടെടുക്കുകയും ചെയ്തു.
നൂറുകണക്കിന് പോർട്ടർമാർ രാഹുൽ ഗാന്ധിക്ക് ചുറ്റും വരികയും അദ്ദേഹത്തിന്റെ പ്രവൃത്തിക്ക് കരഘോഷം മുഴക്കുകയും ചെയ്തു. ചുവന്ന യൂണിഫോം ധരിച്ച് തൊഴിലാളികൾക്കൊപ്പം സ്യൂട്ട്കേസ് ചുമന്ന് നടക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. അതേസമയം, രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ പ്രഹസനമാണെന്ന് പരിഹസിക്കുകയാണ് ബി.ജെ.പി.
എന്നാൽ പ്രദേശത്തെ പോർട്ടർമാരുടെ മാസങ്ങൾക്ക് മുമ്പുള്ള ആവശ്യപ്രകാരമാണ് വയനാട് എം.പി കൂടിയായ രാഹുൽ ഗാന്ധി സ്ഥലം സന്ദർശിച്ചത് എന്ന് കോൺഗ്രസ് പറഞ്ഞു.
‘രാഹുൽ ഗാന്ധി ജി ഞങ്ങളെ വന്ന് കാണണം എന്ന് ആഗ്രഹമുണ്ട്, അഞ്ച് മിനിട്ട് ആണെങ്കിൽ പോലും,’ അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ദൃശ്യങ്ങൾക്കൊപ്പം കോൺഗ്രസ് ഷെയർ ചെയ്ത വിഡിയോയിൽ പോർട്ടർമാരിലൊരാൾ പറയുന്നു.
‘അദ്ദേഹം പാവങ്ങൾക്കൊപ്പം നിൽക്കുന്ന ആളാണെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും പാവപ്പെട്ടവരുടെ താല്പര്യങ്ങളുണ്ട്. അദ്ദേഹത്തിന്റെ കഠിനാധ്വാനം തുടരണം എന്നാണ് എനിക്ക് നൽകാനുള്ള സന്ദേശം. ഭാരത് ജോഡോ യാത്ര അദ്ദേഹത്തിന് വളരെയധികം പ്രയോജനം ചെയ്യും,’ വീഡിയോയിൽ മറ്റൊരു പോർട്ടർ പറഞ്ഞു.
‘ഞങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹത്തോട് സംസാരിക്കണം. അദ്ദേഹം അത് കേട്ട് വേണ്ട നടപടികൾ എടുക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്,’ മറ്റൊരാൾ പറഞ്ഞു.
Content Highlight: Rahul Gandhi turns coolie at Delhi’s Anand Vihar, interacts with workers