ന്യൂദല്‍ഹി: വെര്‍ച്വല്‍ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘വികാരഭരിതമായ’ പ്രസംഗത്തെ പരിഹസിക്കുന്ന പ്രതീകാത്മക ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രസംഗത്തിനിടെയുള്ള മോദിയുടെ കരച്ചില്‍ മുതലക്കണ്ണീരായിരുന്നുവെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ഒരു മുതലയുടെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
മുതലകള്‍ നിഷ്‌കളങ്കരാണ് എന്ന ക്യാപ്ഷനും ഫോട്ടോക്ക് താഴെ രാഹുല്‍ ഗാന്ധി കൊടുത്തിട്ടുണ്ട്. മെയ് 22 ബയോഡൈവേഴ്‌സിറ്റി ഡേ എന്ന ഹാഷ്ടാഗും രാഹുല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മോദിയുടെ കരച്ചിലിന് ഇതിലും വലിയ ട്രോള്‍ കിട്ടാനില്ലെന്നാണ് നിരവധിപേര്‍ പോസ്റ്റിന് താഴെ പ്രതികരിക്കുന്നത്.
മോദിയുടെ കരച്ചിലിനെ വിമര്‍ശിച്ചുകൊണ്ട് നേരത്തേ പ്രശാന്ത് ഭൂഷനുള്‍പ്പെടെ ചിലര്‍ രംഗത്തുവന്നിരുന്നു. നിങ്ങള്‍ക്ക് മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, നിങ്ങള്‍ക്കത് ഇവിടെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.
പ്രധാനമന്ത്രിയുടെ ദിവസേനയുള്ള അഭിനയം കണ്ട് മടുത്തെന്ന് മുന്‍ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹയും പറഞ്ഞിരുന്നു.
മുഖ്യമന്ത്രിമാരുമായി കൂടിചേര്‍ന്ന് കൊവിഡ് പ്രതിരോധത്തിനായി ശക്തമായ നീക്കങ്ങളാണ് തങ്ങള്‍ക്ക് വേണ്ടത് അല്ലാതെ ക്യാമറയ്ക്ക് മുന്നില്‍ മുതലക്കണ്ണീര്‍ പൊഴിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കൊവിഡ് മരണങ്ങളെക്കുറിച്ച് പറഞ്ഞ് മോദി വിതുമ്പിയതെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് രോഗബാധയെ തുടര്‍ന്ന് നിരവധി മരണങ്ങളാണ് രാജ്യത്ത് ഉണ്ടായതെന്നു പറഞ്ഞ പ്രധാനമന്ത്രി യോഗത്തിനിടെ വികാരഭരിതനാവുകയായിരുന്നു.