| Thursday, 9th May 2019, 4:18 pm

പക്കോട..സ്റ്റാര്‍ട് അപ്പ് ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ, എന്തൊക്കെയായിരുന്നു;  മോദിയുടെ  'സ്വപ്‌ന' പദ്ധതികളെ ട്രോളി രാഹുല്‍ 

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വന്‍ അവകാശവാദത്തോടെ ആരംഭിച്ച് പരാജയപ്പെട്ട പദ്ധതികളെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മോദിയുടെ സ്വപ്‌ന പദ്ധതികളായ മേക്ക് ഇന്‍ ഇന്ത്യയേയും സ്റ്റാര്‍ട് അപ്പ് ഇന്ത്യയേയും ട്രോളിയായിരുന്നു രാഹുലിന്റെ പ്രസംഗം.
”  എന്തെല്ലാം അവകാശവാദങ്ങള്‍… മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട് അപ് ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ, പക്കോട…ആദ്യം മേക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു. അതിന് ശേഷം സ്റ്റാര്‍ട് അപ്പ് ഇന്ത്യയായി. അതിന് ശേഷം സ്റ്റാന്റ് അപ്പ് ഇന്ത്യ, ശേഷം പക്കോട”- ഇങ്ങനെയായിരുന്നു രാഹുലിന്റെ പരിഹാസം.

തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണെന്നും ഇതെല്ലാം മോദിയുടെ ‘ വിലപ്പെട്ട’ സംഭാവനകളാണെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ചുള്ള ചോദ്യത്തിന് പക്കോട ഉണ്ടാക്കുന്നതും ഒരു തൊഴിലാണെന്നും ദിവസേന 200 രൂപയെങ്കിലും ഇതിലൂടെ ഒരാള്‍ക്ക് ലഭിക്കുമെന്നുമായിരുന്നു മോദിയുടെ മറുപടി. മോദിയുടെ ഈ പ്രസ്താവനക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതുപോലെ മോദി വലിയ ആഘോഷത്തില്‍ കൊണ്ടുവന്ന സ്റ്റാര്‍ട് അപ്പ് ഇന്ത്യ, മേക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ക്കൊന്നും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായിരുന്നില്ല.
നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ 2022ഓടെ രാജ്യത്ത് 10 കോടി തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും പദ്ധതിയ്ക്ക് കാര്യമായ വളര്‍ച്ചയുണ്ടായില്ലെന്ന് വിവിധ പഠനറിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കൂടുതല്‍ തൊഴില്‍ മേഖലകളും അവസരങ്ങളും സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കൃത്യമായ പദ്ധതികള്‍ ഉണ്ടായിട്ടില്ലെന്നായിരുന്നു റോയിട്ടേഴ്‌സ് ഉള്‍പ്പെടെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
2014ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ തൊഴിലുകള്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ അഞ്ചു വര്‍ഷത്തിനിപ്പുറവും തൊഴിലില്ലായ്മ നേരിടുന്ന ആളുകളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിയതല്ലാതെ കുറവു വന്നിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

We use cookies to give you the best possible experience. Learn more