ജെല്ലിക്കെട്ട് ആഘോഷത്തില്‍ പങ്കെടുക്കാന്‍ രാഹുലും; ബുധനാഴ്ച മധുരയിലെത്തും, കര്‍ഷകരോടുള്ള പിന്തുണയുടെ ഭാഗമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍
national news
ജെല്ലിക്കെട്ട് ആഘോഷത്തില്‍ പങ്കെടുക്കാന്‍ രാഹുലും; ബുധനാഴ്ച മധുരയിലെത്തും, കര്‍ഷകരോടുള്ള പിന്തുണയുടെ ഭാഗമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th January 2021, 6:11 pm

ന്യൂദല്‍ഹി: ജെല്ലിക്കെട്ട് ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് സന്ദര്‍ശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇതിന്റെ ഭാഗമായി ബുധനാഴ്ച തമിഴ്‌നാട്ടിലെത്തുമെന്ന് പാര്‍ട്ടി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

മധുരയില്‍ നടക്കുന്ന ജെല്ലിക്കെട്ടില്‍ രാഹുലിന്റെ സാന്നിദ്ധ്യം കര്‍ഷകരോടുള്ള പിന്തുണ ഒന്നുകൂടി ഊട്ടിയുറപ്പിക്കുമെന്ന് പാര്‍ട്ടിയുടെ തമിഴ്‌നാട് മേധാവി കെ.എസ് അളഗിരി പറഞ്ഞു.

കര്‍ഷകരുടെയും കാര്‍ഷികവൃത്തിയുടെയും പ്രതീകമാണ് കാള. രാഹുലിന്റെ സന്ദര്‍ശനം കര്‍ഷകരോടുള്ള പിന്തുണയുടെ ഭാഗമാണ്. ഈ കൊയ്ത്തുത്സവ(പൊങ്കല്‍) സമയത്ത് തന്നെ അദ്ദേഹം എത്തുന്നതും ഞങ്ങള്‍ക്ക് അഭിമാനമാണ്, അളഗിരി പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയല്ല രാഹുല്‍ തമിഴ്‌നാട് സന്ദര്‍ശിക്കുന്നതെന്നും അളഗിരി വ്യക്തമാക്കി. അദ്ദേഹം ഒരു പ്രചാരണവേദികളിലും പങ്കെടുക്കില്ലെന്നും അളഗിരി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ രാഹുല്‍ തമിഴ്‌നാട് സന്ദര്‍ശിക്കുമെന്ന് തങ്ങള്‍ പറഞ്ഞിരുന്നതാണെന്നും ഈ സന്ദര്‍ശനത്തെ തെരഞ്ഞെടുപ്പുമായി കൂട്ടിയോജിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രണങ്ങളോടെ മാത്രമെ ഇത്തവണ ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ നടത്താന്‍ പാടുള്ളുവെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ആഘോഷത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 150ല്‍ കൂടാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പങ്കെടുക്കുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

മാട്ടുപ്പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായുള്ള പരമ്പരാഗത കാള മെരുക്കല്‍ വിനോദമാണു ജെല്ലിക്കെട്ട്. ഇതു മൃഗപീഡനമാണെന്ന പെറ്റ (പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ്) യുടെ പരാതിയില്‍ 2014-ല്‍ സുപ്രീം കോടതി വിലക്കി. ഇതിനെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിധി സര്‍ക്കാരിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Rahul Gandhi To Watch Bull Taming Sport Jallikattu In Tamil Nadu