ന്യൂദല്‍ഹി: കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക വിരാമമിട്ട് രാഹുല്‍ഗാന്ധി മൂന്നോ നാലോ മാസങ്ങള്‍ക്കൂടി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് റിപ്പോര്‍ട്ട്. പകരക്കാരനെ കണ്ടെത്തുന്നതുവരെ രാഹുല്‍ഗാന്ധി തന്നെ പാര്‍ട്ടിയെ നയിക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാഹുല്‍ മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി സംവിധാനത്തില്‍ മാറ്റം വരുത്തുമെന്നും ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, രാജിവക്കാനുള്ള തീരുമാനത്തില്‍നിന്നും രാഹുല്‍ ഗാന്ധി മാറ്റമറിയിച്ചിട്ടില്ല. തീരുമാനം പുന:പരിശോധിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ഗാന്ധിയില്‍ സമ്മര്‍ദം തുടരുകയാണ്.
സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കരുതെന്നും രാഹുല്‍ ഗാന്ധി നിര്‍ബന്ധം പിടിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തില്‍നിന്നല്ലാതെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ആള്‍ വരണമെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.
അധ്യക്ഷ പദവി ഒഴിഞ്ഞാലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ താന്‍ സജീവമായി ഉണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ രാജി തീരുമാനത്തെ തുടര്‍ന്ന് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.