കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടു വരാന്‍ രാഹുല്‍ഗാന്ധി 'ഭാരതയാത്ര' നടത്തുന്നു
national news
കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടു വരാന്‍ രാഹുല്‍ഗാന്ധി 'ഭാരതയാത്ര' നടത്തുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2019, 12:06 pm

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ വമ്പന്‍ പരാജയം മറികടക്കാന്‍ ജനങ്ങളുമായി സ്ഥാപിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ‘ഭാരത് യാത്ര’ യ്‌ക്കൊരുങ്ങുന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍. യാത്രയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണ് യാത്ര. കാല്‍നടയായും കാറിലും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചുമായിരിക്കും യാത്ര. നേരത്തെ തന്നെ ഇത്തരമൊരു യാത്ര നടത്തണമെന്ന് രാഹുല്‍ ആഗ്രഹിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം യാത്ര കൂടുതല്‍ പ്രസക്തമാക്കിയിരിക്കുകയാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

അതേസമയം രാഹുല്‍ഗാന്ധി രാജിവെക്കുന്നതടക്കം കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പ്രതിസന്ധികള്‍ അവസാനിച്ചതിന് ശേഷമേ യാത്ര ഉണ്ടാവുകയുള്ളൂവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

കോണ്‍ഗ്രസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ രാഹുല്‍ ഗാന്ധി പദയാത്ര നടത്തണമെന്ന് മുതിര്‍ന്ന നേതാവ് അഭിഷേക് സിംഗ്വി പറഞ്ഞിരുന്നു.. 90ഓ 180 ദിവസമോ നീണ്ടുനില്‍ക്കുന്ന പദയാത്ര നടത്തണമെന്നും അത് ജനങ്ങളുമായി ബന്ധപ്പെടാന്‍ കൂടുതല് സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആന്ധ്രയില്‍ തകര്‍ന്ന് തരിപ്പണമായ ജഗന്‍ മോഹന്‍ റെഡ്ഢിയെ ഇത്തവണ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സഹായിച്ചത് 14 മാസം നീണ്ട ‘പ്രജാ സങ്കല്‍പ യാത്ര’ എന്ന പേരില്‍ നടത്തിയ പദയാത്രയായിരുന്നു.

2009ല്‍ കോണ്‍ഗ്രസ് വിട്ട ജഗമോഹന്‍ റെഡ്ഡി വൈ.എസ്ആര്‍ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. നിരവധി പ്രതിസന്ധികളാണ് ജഗമോഹന്‍ നേരിട്ടത്. തന്നോടൊപ്പം ഉണ്ടായിരുന്ന എംപിമാരെയും എംഎല്‍എമാരെയും തെലുങ്ക് ദേശം കൊണ്ടുപോയി. എന്‍ഫോഴ്സ്മെന്റ് കേസുകള്‍ പിന്നില്‍. പാര്‍ട്ടി പ്രവര്‍ത്തനം മുന്നോട്ട് പോയി. 2017ലാണ് ജഗന്‍ തന്റെ പിതാവ് നേരത്തെ നടപ്പിലാക്കിയ അതേ പദ്ധതി നടപ്പിലാക്കിയത്. 3000 കിലോമീറ്റര്‍ പദയാത്ര.

2017 നവംബര്‍ 6ന് പ്രജ സങ്കല്‍പ്പ പദയാത്ര എന്ന പേരില്‍ ആരംഭിച്ച ഈ ജാഥ സംസ്ഥാനത്തെ 13 ജില്ലകളിലായി കിടക്കുന്ന 125 നിയോജക മണ്ഡലങ്ങളിലും എത്തി. 2019 ജനുവരി 7നാണ് പദയാത്ര അവസാനിച്ചത്. പദയാത്രക്ക് മുമ്പുള്ള ജഗനും യാത്രക്ക് ശേഷമുള്ള ജഗനും രണ്ടായിരുന്നുവെന്ന് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.