|

'എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി'; തെരഞ്ഞെടുപ്പ് കാലത്തെ പരാമര്‍ശം: രാഹുല്‍ സൂറത്തിലെ കോടതിയില്‍ ഹാജരാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യാഴാഴ്ച ഗുജറാത്തിലെ സൂറത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുല്‍ കോടതിയില്‍ ഹാജരാകുന്നത്.

‘എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നുള്ളത് എന്തുകൊണ്ടാണ്’ എന്ന പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് കേസ്.

രാഹുല്‍ വ്യാഴാഴ്ച സൂറത്തില്‍ എത്തുമെന്നകാര്യം ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ജി.പി.സി.സി.) അധ്യക്ഷന്‍ അമിത് ചാവ്ട് സ്ഥിരീകരിച്ചു.

” രാഹുല്‍ ഗാന്ധി രാവിലെ 10 മണിയോടെ സുറത്തില്‍ എത്തും. 12.30 ഓടെ തിരിച്ചുപോകും. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് രാഷ്ട്രീയമായ കാര്യത്തിനല്ല അദ്ദേഹം എത്തുന്നത്. കോടതിയില്‍ ഹാജരാകാനാണ്,” ചാവ്ട പറഞ്ഞു.

കര്‍ണാടകയിലെ കോലാറില്‍ 2019 ഏപ്രില്‍ 13 ന് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശമാണ് കേസിന് കാരണം. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി ഇവരുടെയെല്ലാം പേരിനൊപ്പം മോദി വന്നത് എങ്ങനെയാണ്. എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എങ്ങനെ വന്നു എന്നാണ് രാഹുല്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെ സൂറത്ത് വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗം പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Rahul Gandhi to appear in Surat court on Thursday