ന്യൂദല്‍ഹി: കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം “ക്രൂരമായ കൊല”യെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലയാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതുവരെ തന്റെ പാര്‍ട്ടി വിശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
“കേരളത്തിലെ കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരമായ കൊലപാതകം ഞെട്ടിക്കുന്നതാണ്. ഈ രണ്ട് യുവാക്കളുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പങ്കുചേരുന്നു. ഞാനവര്‍ക്ക് അനുശോചനമറിയിക്കുന്നു. കൊലയാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരുംവരെ വിശ്രമമില്ല.” രാഹുല്‍ ഗാന്ധി ട്വീറ്റു ചെയ്തു.
Also read:ബംഗാളില്‍ മകളെ തട്ടിക്കൊണ്ട് പോയത് ബി.ജെ.പി നേതാവ് തന്നെ; നാടകം പൊളിച്ച് പൊലീസ്
കൃപേഷ്, ശരത് എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ സി.പി.ഐ.എമ്മാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേഷ് ചെന്നിത്തല ആരോപിച്ചിരുന്നു.
“പാര്‍ട്ടി ഗുണ്ടകളെ ഉപയോഗിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് സി.പി.ഐ.എം. യാതൊരു പ്രകോപനവുമില്ലാതെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയാണ്. അവര്‍ യാതൊരു കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിട്ടില്ല. അവര്‍ക്കെതിരെ ഒരു കേസുമില്ല. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് കുറ്റവാളികളെ പിടികൂടുകയും അറസ്റ്റു ചെയ്യുകയും വേണം.” ചെന്നിത്തല പറഞ്ഞു.
എന്നാല്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തിന്റെ ട്വീറ്റില്‍ സി.പി.ഐ.എമ്മിനെ കുറ്റപ്പെടുത്തിയിട്ടില്ല.