| Monday, 10th September 2018, 3:45 pm

ബി.ജെ.പിയെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിച്ചു കഴിഞ്ഞു; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: മുന്‍പ് പതിവായി ഇന്ധന വിലയെക്കുറിച്ച് സംസാരിച്ചിരുന്ന മോദി ഇപ്പോള്‍ എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോകം മുഴുവന്‍ പ്രസംഗങ്ങള്‍ നടത്തുന്ന മോദി ഇന്ധനവില വര്‍ധനയെക്കുറിച്ചും കര്‍ഷകരും സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും മൗനം പാലിക്കുകയാണെന്നും രാജ്ഘട്ടില്‍ നടന്ന ധര്‍ണയില്‍ രാഹുല്‍ പറഞ്ഞു.

ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഒന്നിച്ചിരിക്കുകയാണെന്നും ബി.ജെ.പിയെ പുറത്താക്കുന്നതിനുവേണ്ടി എല്ലാവരും ഒരുമിച്ച് പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരുടെ അവസ്ഥയെക്കുറിച്ച് സര്‍ക്കാരിന് യാതൊരു പരിഗണനയുമില്ല. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണമായും പരാജയപ്പെട്ടുവെന്നും കര്‍ഷകരും സ്ത്രീ സമൂഹവും ഇരുട്ടിലായിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.


Read Also : എന്‍.ഡി.എ കാലം, യു.പി.എ കാലം; ഇന്ധന വിലയില്‍ ആമിറിന്റെ ചിത്രം പങ്കുവെച്ച് മോദിയെ ട്രോളി ദിവ്യ സ്പന്ദന


കഴിഞ്ഞ എഴുപതു വര്‍ഷംകൊണ്ട് ഉണ്ടാകാത്ത നേട്ടം നാലു വര്‍ഷംകൊണ്ട് ഉണ്ടായെന്നാണ് മോദി പറയുന്നത്. കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടയില്‍ രാജ്യത്തെ ജനങ്ങള്‍ ഇത്രയും ഭിന്നിപ്പിക്കപ്പെട്ട സാഹചര്യമുണ്ടായിട്ടില്ല. കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടയില്‍ രൂപയുടെ മൂല്യം ഇത്രയും ഇടിഞ്ഞ സ്ഥിതിയും ഇന്ധനവില ഇത്രയും വര്‍ധിച്ച സാഹചര്യവും ഉണ്ടായിട്ടില്ല. രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ധനവിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം നടത്തിയ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടതുനേതാക്കളെ അറസ്റ്റു ചെയ്തു നീക്കി.

ഇടതുപക്ഷ പാര്‍ടികളുടെ നേതൃത്വത്തിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി ദല്‍ഹിയില്‍ നടത്തിയ പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more