'സ്വന്തം ഗുരുവിനെ അപമാനിക്കുന്നതാണ് മോദിയുടെ സംസ്‌ക്കാരം'; അന്ന് കാലില്‍ വീണയാള്‍ ഇന്ന് മുഖത്ത് പോലും നോക്കുന്നില്ല; അദ്വാനിയെ അവഗണിക്കുന്ന മോദിയുടെ വീഡിയോ ഷെയര്‍ ചെയ്ത് രാഹുല്‍
national news
'സ്വന്തം ഗുരുവിനെ അപമാനിക്കുന്നതാണ് മോദിയുടെ സംസ്‌ക്കാരം'; അന്ന് കാലില്‍ വീണയാള്‍ ഇന്ന് മുഖത്ത് പോലും നോക്കുന്നില്ല; അദ്വാനിയെ അവഗണിക്കുന്ന മോദിയുടെ വീഡിയോ ഷെയര്‍ ചെയ്ത് രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th June 2018, 11:44 am

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനത്തിന്റെ പുതിയ അമ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ അദ്വാനിയെ അപമാനിക്കുകയായിരുന്നെന്ന് രാഹുല്‍ പറയുന്നു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്‍.കെ അദ്വാനിയെ അവഗണിക്കുന്നതിന്റ ദൃശ്യങ്ങളും അദ്ദേഹം ഷെയര്‍ ചെയ്തിട്ടുണ്ട്.

“2014 ല്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് എല്‍.കെ അദ്വാനിയെ കാണുന്ന മോദി അദ്ദേഹത്തിന്റെ കാലില്‍വീണ് തൊഴുന്നു. അദ്വാനി അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഒപ്പം നിര്‍ത്തുന്നു. എന്നാല്‍ 2018 ല്‍ അദ്വാനിയുടെ മുഖത്ത് പോലും നോക്കാതെ മോദി വേദിയിലൂടെ മറ്റ് നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പോകുന്നു. തൊഴുകയ്യുമായി മോദിയെ നോക്കി അദ്വാനി നില്‍ക്കുകയാണ്.”-അധികാരത്തിലെത്തിയതിന് പിന്നാലെ മോദിയുടെ മനോഭാവത്തില്‍ വന്ന മാറ്റമാണ് രാഹുല്‍ വീഡിയോയിലൂടെ പറഞ്ഞുവെക്കുന്നത്.


ഇന്ത്യയിലെ മുസ്‌ലീങ്ങളില്‍ രണ്ടില്‍ ഒരാള്‍ തീവ്രവാദക്കേസുകളില്‍ കുടുക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്


ഗുരു ആവശ്യപ്പെട്ടപ്പോള്‍ ഏകലവ്യന്‍ തന്റെ പെരുവിരല്‍ കൊടുത്തു. എന്നാല്‍ ബി.ജെ.പിയില്‍ അവര്‍ തങ്ങളുടെ ഗുരുവിനെ തന്നെ ഇല്ലാതാക്കി.

വാജ്‌പേയി, അദ്വാനിജി, ജസ്വന്ത് സിങ്ജി, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരെ അപമാനിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഇന്ത്യന്‍ സംസ്‌ക്കാരത്തെ സംരക്ഷിക്കുന്നത്- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.

ഇന്നലെ മുംബൈയില്‍ നടന്ന ഒരു ചടങ്ങിനിടെ അദ്വാനിക്ക് ബി.ജെ.പി കൊടുത്തതിനേക്കാള്‍ ബഹുമാനം കോണ്‍ഗ്രസ് നല്‍കിയിരുന്നെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. “” മോദിയുടെ ഗുരുവാണ് എല്‍. കെ അദ്വാനി. എന്നാല്‍ സ്വന്തം ഗുരുവിനെ ബഹുമാനിക്കാത്ത ശിഷ്യനാണ് മോദി. അദ്വാനിയുടെ ഇന്നത്തെ അവസ്ഥയോര്‍ത്ത് എനിക്ക് ദു:ഖമുണ്ട്. മോദിയേക്കാള്‍ കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ട്”- രാഹുല്‍ ഗാന്ധി പറഞ്ഞു.