| Saturday, 13th April 2019, 8:49 pm

ന്യായ് പദ്ധതി പ്രഖ്യാപിച്ചതോടെ കാവല്‍ക്കാരന്റെ മുഖം ചുളിഞ്ഞു; കള്ളന്‍മാര്‍ക്കെല്ലാം എന്ത് കൊണ്ടാണ് മോദി എന്നു പേരു വരുന്നതെന്നും രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചിത്രദുര്‍ഗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അഞ്ചു കോടി കുടുംബങ്ങള്‍ക്ക് 72,000 രൂപ വര്‍ഷംതോറും ലഭിക്കുന്ന ന്യായ് പദ്ധതി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതോടെ കാവല്‍ക്കാരന്റെ മുഖംചുളിഞ്ഞെന്ന് രാഹുല്‍ ഗാന്ധി. എവിടെനിന്നാണ് പണംകണ്ടെത്തുന്നതെന്നായിരുന്നു അവരുടെ ചോദ്യം. നിങ്ങളുടെ സുഹൃത്ത് അനില്‍ അംബാനിയുടെ പോക്കറ്റില്‍നിന്നു പണം വരുമെന്നാണ് മോദിയോടു എനിക്കു പറയാനുള്ളതെന്നും രാഹുല്‍ പറഞ്ഞു.

അവര്‍ കള്ളന്‍മാരുടെ കൂട്ടമാണെന്നും കര്‍ഷകരും ചെറുകിട വ്യവസായികളുമായ നിങ്ങളുടെ പോക്കറ്റില്‍നിന്നു പണം കൈക്കലാക്കി അവര്‍ നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്ല്യ, ലളിത് മോദി എന്നിങ്ങനെ 15 പേര്‍ക്കായി നല്‍കിയെന്നും കര്‍ണാടകയിലെ ചിത്രദുര്‍ഗ മേഖലകളില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുവേ രാഹുല്‍ കുറ്റപ്പെടുത്തി.

കള്ളന്‍മാര്‍ക്കെല്ലാം എന്ത് കൊണ്ടാണ് മോദി എന്നു പേരു വരുന്നതെന്നും ഇനിയും തെരഞ്ഞാല്‍ കൂടുതല്‍ മോദിമാരുടെ പേരുകള്‍ പുറത്തുവരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കാവല്‍ക്കാരന്‍ 100 ശതമാനവും കള്ളനാണെന്നും മോദി ചങ്ങാത്ത മുതലാളിത്തമാണ് ഇഷ്ടപ്പെടുന്നതെന്നും രാഹുല്‍ പറഞ്ഞു.

ഒരു വശത്ത് വെറുപ്പും വിദ്വേഷവും അനീതിയുമാണെന്നും ഇതിനെ സ്‌നേഹത്തിലൂടെയും സാഹോദര്യത്തിലൂടെയും നീതിയിലൂടെയുമാണ് കോണ്‍ഗ്രസ് നേരിടുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. കാര്‍ഷിക ബജറ്റിലൂടെ കോണ്‍ഗ്രസ് കര്‍ഷകരുടെ ഹൃദയത്തിലെ ഭീതി നീക്കുമെന്നും കാര്‍ഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ ഒരു കര്‍ഷകനും ജയിലില്‍ പോകേണ്ടിവരില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

We use cookies to give you the best possible experience. Learn more