ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ ലോക്‌സഭയിലെ പ്രസ്താവനയോടെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമായതായി രാഹുല്‍ പറഞ്ഞു.
ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം രാജ്യം എപ്പോഴും നിലകൊള്ളും. എന്നാല്‍ മിസ്റ്റര്‍ മോദി നിങ്ങള്‍ എന്നാണ് ചൈനയ്‌ക്കെതിരെ നിലപാടെടുക്കുക. ചൈനയില്‍ നിന്ന് നമ്മുടെ പ്രദേശം എന്ന് തിരിച്ചുപിടിക്കും? ചൈനയുടെ പേര് പറയാന്‍ പേടിക്കരുത്’, രാഹുല്‍ ട്വീറ്റ് ചെയ്തു.
നേരത്തെ ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയില്‍ അറിയിച്ചിരുന്നു. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നിലവിലുള്ള ധാരണകളെ ചൈന മാനിക്കുന്നില്ല. അതിര്‍ത്തി സംബന്ധിച്ച് ഇന്ത്യയ്ക്കും ചൈനയ്ക്കും വ്യത്യസ്ത അഭിപ്രായമാണ് ഉള്ളതെന്നും അദ്ദേഹം ലോക്സഭയില്‍ വ്യക്തമാക്കി.
1960-ല്‍ ഇരുരാജ്യങ്ങളും അംഗീകരിച്ച നിയന്ത്രണരേഖയെ സംബന്ധിച്ച ധാരണകള്‍ ഇന്ത്യ ഇതുവരെ പിന്തുടര്‍ന്നു. പക്ഷെ ചെന ഇപ്പോഴിത് അംഗീകരിക്കുന്നില്ല. നിയന്ത്രണരേഖയെപ്പറ്റി വ്യത്യസ്തമായ അഭിപ്രായമാണ് ഇരുഭാഗത്തുമുള്ളതെന്നാണ് ഇപ്പോള്‍ ചൈന പറയുന്നത്.
1993-ലും 199-6ലും ഒപ്പിട്ട കരാറുകള്‍ ചൈന ഏകപക്ഷീയമായി ലംഘിച്ചെന്നും രാജ്നാഥ് സിങ് പറഞ്ഞു. കരാര്‍ ലംഘിച്ച് ഇന്ത്യയുടെ ഭാഗത്തേക്ക് കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ നീക്കം ഇന്ത്യന്‍ സൈനികര്‍ ധീരമായി തടഞ്ഞു. ക്ഷമയും പരിഹാരവും മാത്രമല്ല, ആവശ്യമുള്ളപ്പോള്‍ ധീരതയും വീര്യവും സൈന്യം പ്രകടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേയും അതിര്‍ത്തി പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനും നരേന്ദ്രമോദിയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയിരുന്നു. ചൈന കൈയടക്കിയ പ്രദേശങ്ങള്‍ തിരിച്ചുപിടിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈനീസ് അധിനിവേശം ഉണ്ടായിട്ടുണ്ട്. അത് മറച്ചുവെച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ദേശദ്രോഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈനീസ് അധിനിവേശം ഉണ്ടായിട്ടുണ്ട്. നമ്മുടെ പ്രദേശങ്ങള്‍ അവര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ഒരു രാഷ്ട്രീയനേതാവെന്ന നിലയില്‍ ഇക്കാര്യത്തില്‍ മിണ്ടാതിരിക്കാന്‍ എനിക്ക് കഴിയില്ല’- രാഹുല്‍ പറഞ്ഞു.
‘ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അറിഞ്ഞ ശേഷമാണ് താന്‍ ഈ വിധത്തില്‍ പ്രതികരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ‘ സംഘര്‍ഷത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങള്‍ ഞാന്‍ കണ്ടു. മുന്‍ പട്ടാള മേധാവികളോട് ഇതേപ്പറ്റി സംസാരിച്ചു.
ചൈന ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയടക്കിയിട്ടില്ലെന്ന് ഞാന്‍ നുണപറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ എന്റെ ഭാവി നശിച്ചാലും ശരി, ഞാന്‍ ഇക്കാര്യത്തില്‍ കള്ളം പറയില്ല’- അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ ചൈനീസ് സാന്നിദ്ധ്യമില്ലെന്ന് നുണ പറയുന്നവര്‍ ശരിക്കും രാജ്യദ്രോഹികളാണ്. എന്റെ രാഷ്ട്രീയ ജീവിതത്തിന് എന്ത് സംഭവിച്ചാലും ഇന്ത്യയെ സംബന്ധിച്ചുള്ള കാര്യത്തില്‍ ഞാന്‍ നുണ പറയില്ല- രാഹുല്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Rahul Gandhi Targets Narendra Modi on India-China Border Issue