| Thursday, 29th September 2022, 10:46 pm

സമൂസ തന്നിട്ട് ചെന്നിത്തല ജി എന്നോട് പറഞ്ഞത് പകുതി വെജും, പകുതി നോണ്‍ വെജുമാണെന്നാണ്; ജോഡോ യാത്രാ അനുഭവങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധിയുടെ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം അവസാനിക്കുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കളുമായി യാത്രാ അനുഭവങ്ങള്‍ പങ്കുവെച്ച് രാഹുല്‍ ഗാന്ധി. നേതാക്കളുമായി രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്ന വീഡിയോ രാഹുല്‍ ഗാന്ധി തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് വഴിയാണ് പങ്കുവെച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമൊത്തുള്ള ജോഡോ യാത്രക്കിടയിലെ ഒരു രസകരമായ അനുഭവവും രാഹുല്‍ വീഡിയോയില്‍ പങ്കുവെക്കുന്നുണ്ട്.

‘ചെന്നിത്തല ജീ എനിക്ക് സമൂസ തന്നു, ഞാന്‍ പറഞ്ഞു അത് നോണ്‍ വെജ് സമൂസയാണെന്ന്. അപ്പോള്‍ ചെന്നിത്തല ജീ എനിക്ക് മുന്നില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത് ഒരു വിചിത്ര വാദം പറഞ്ഞു, അത് പകുതി നോണ്‍ വെജും പകുതി വെജുമാണെന്ന്’ എന്ന അനുഭവം രാഹുല്‍ പറഞ്ഞതോടെ നേതാക്കളെല്ലാം പൊട്ടിച്ചിരിച്ചു.

യാത്രയില്‍ പങ്കെടുക്കാന്‍ ചെന്നിത്തല രാവിലെ നാലരയ്ക്ക് എഴുന്നേല്‍ക്കുമെന്ന് പറഞ്ഞപ്പോള്‍ താന്‍ നാലു മണിക്ക് എഴുന്നേല്‍ക്കുമെന്നായി ഹസന്‍. നാല് മണിക്ക് എഴുന്നേല്‍ക്കുമെന്ന് പറഞ്ഞ എം.എം. ഹസനോട് രാവിലെയാണോ വൈകിട്ടാണോയെന്ന് രാഹുല്‍ ഗാന്ധി ട്രോളുന്നതും വീഡിയോയില്‍ കാണാം. യാത്രയുടെ മുന്‍നിര രാഷ്ട്രീയത്തെ പോലെയാണെന്നും ഇടയ്‌ക്കൊക്കെ ചിലര്‍ വീഴുമെന്നും അവരെ പിടിച്ചെഴുന്നേല്‍പ്പിക്കേണ്ടി വന്നുവെന്നും രാഹുല്‍ പറഞ്ഞു.

ജോഡോ യാത്രയ്ക്കിടയില്‍ മുട്ടുവേദന കലശലായി നടക്കാന്‍ വയ്യാതെയിരിക്കുമ്പോഴാണ് ഒരു പെണ്‍കുട്ടി കയ്യിലൊരു കുറിപ്പ് തരുന്നത്. കടുത്ത മുട്ടുവേദന മറന്ന് നടന്നത് പെണ്‍കുട്ടിയുടെ കുറിപ്പ് വായിച്ച ശേഷമാണ്. എല്ലാ കഠിന പരീക്ഷണങ്ങള്‍ക്കും ഒരു ശമനമുണ്ടാകുമെന്നായിരുന്നു അതില്‍ എഴുതിയിരുന്നതെന്ന് കുറിപ്പ് ഉയര്‍ത്തിക്കാട്ടി രാഹുല്‍ നേതാക്കളോട് പറഞ്ഞു.

മുത്തശ്ശിയുടെയും അച്ഛന്റെയും മരണം എടുത്തുപറഞ്ഞ തന്റെ വ്യക്തിജീവിതത്തില്‍ നേരിട്ട ആക്രമണങ്ങളും വേദനയും പങ്കുവച്ചു. അങ്ങനെ നേരിട്ട ഒരാള്‍ക്ക് മറ്റുള്ളവരുടെ വേദന ഉടന്‍ മനസിലാക്കാന്‍ കഴിയുമെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്.

ജോഡോ യാത്രയുടെ വന്‍ വിജയത്തിന് കെ.പി.സി.സിയെ അഭിനന്ദിച്ച രാഹുല്‍, കേരളത്തിലെ കോണ്‍ഗ്രസ് ഭദ്രമായ കൈകളിലാണെന്നും പറഞ്ഞു.

പ്രവര്‍ത്തകര്‍ എല്ലാം ഉറച്ച മനസുള്ളവരാണ്. വനിതകളെയും പിന്നാക്കക്കാരെയും പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് കൊണ്ടുവരും. യാത്രയുടെ വന്‍ വിജയത്തിന് നേതൃത്വം ഒന്നാകെ കേരളത്തിലെ ജനങ്ങളോട് നന്ദി അറിയിക്കണമെന്നും നേതാക്കളുമായുള്ള ആശയവിനിമയത്തില്‍ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Rahul Gandhi Talks About His Experience During Bharat Jodo Yatra

We use cookies to give you the best possible experience. Learn more