ന്യൂദൽഹി: ഇതുവരെ മിസ് ഇന്ത്യ ആയി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽ ദളിത്, ആദിവാസി, ഒ.ബി.സി വിഭാഗത്തിൽ പെട്ട സ്ത്രീകളില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മാധ്യമങ്ങൾ പോലും ഇതിനെ കുറിച്ച് പറയുന്നില്ലെന്നും അവർ ബോളിവുഡ് സിനിമകളെ കുറിച്ചും കായിക രംഗത്തെ കുറിച്ചുമെല്ലാമാണ് സംസാരിക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ജാതി സെൻസസിന്റെ ആവശ്യകതെയെ കുറിച്ചും സംസാരിച്ച രാഹുൽ ഗാന്ധി മാധ്യമ രംഗത്തെ മുൻനിര അവതാരകരും ഈ സമുദായത്തിൽ നിന്നുള്ളവരെല്ലെന്ന് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പ്രയാഗ് രാജിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മിസ് ഇന്ത്യയുടെ പട്ടിക ഞാൻ പരിശോധിച്ചു. ദളിത്, ആദിവാസി, ഒ.ബി.സി സ്ത്രീകളുണ്ടാകുമോ എന്നറിയാനാണ് ഞാൻ നോക്കിയത്. പക്ഷെ ദളിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന് സ്ത്രീകൾ ഉണ്ടായിരുന്നില്ല. എന്നിട്ട് പോലും മാധ്യമങ്ങൾ സംസാരിക്കുന്നത് മുഴുവൻ നൃത്തം, സംഗീതം, ക്രിക്കറ്റ്, ബോളിവുഡ് സിനിമകൾ എന്നിവയെ കുറിച്ചാണ്. എന്നാൽ കർഷകരെയോ തൊഴിലാളികളെയോ കുറിച്ച് അവർ സംസാരിക്കുന്നില്ല.
രാജ്യത്തെ ജനസംഖ്യയിൽ 90 ശതമാനവും വ്യവസ്ഥയ്ക്ക് പുറത്താണ്. മാധ്യമങ്ങളിലെ മുൻനിര അവതാരകർ പോലും ഈ 90 ശതമാനത്തിൽ നിന്നുള്ളവരല്ല. സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, ബോളിവുഡ്, മിസ് ഇന്ത്യ എന്നിവിടങ്ങളിൽ പിന്നോക്ക വിഭാഗക്കാർ എത്ര പേരുണ്ടെന്ന് അറിയണം. അത് പരിശോധിക്കപ്പെടണം,’രാഹുൽ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ കാരണങ്ങൾക്കുപരിയായി ഇന്ത്യയിലെ 90 ശതമാനം വരുന്ന ദരിദ്രരെ മുഖ്യധാരയിൽ ഉൾപ്പെടുത്താൻ ജാതി സെൻസസ് നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘ഞാൻ ജാതി സെൻസസ് നടത്തുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ല. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ 90 ശതമാനം പാവപ്പെട്ട കർഷകരെയും രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയെന്നതാണ് പ്രധാനം. ഇതെന്റെ ദൗത്യമാണ്. ഭാവിയിൽ ഒരുപക്ഷെ രാഷ്ട്രീയ നഷ്ടം ഉണ്ടായാലും ഞാനത് ചെയ്യും.
ജാതി സെൻസസ് നിർത്തലാക്കാമെന്നോ സംവരണത്തിലെ 50 ശതമാനം തടസ്സം നിലനിൽക്കുമെന്നോ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അവർ സ്വപ്നം കാണുകയാണ്. ജാതി സെൻസസ് നിർത്തില്ല. ഇന്ത്യയിലെ ജനങ്ങൾ ഇതിനായി തയ്യാറായിരിക്കുന്നു. ജനങ്ങളിൽ നിന്നാണ് ഈ ഉത്തരവ് വന്നത്. പ്രധാനമന്ത്രി അത് അംഗീകരിച്ച് ഉത്തരവ് നടപ്പാക്കണം,’ രാഹുൽ ഗാന്ധി പറഞ്ഞു.