പറയാനുള്ളതെല്ലാം മുഖത്തുനോക്കി പറഞ്ഞു; ഒടുക്കം മോദിയെ കെട്ടിപ്പിടിച്ച് അവസാനിപ്പിച്ചു; അന്തംവിട്ട് മോദി
national news
പറയാനുള്ളതെല്ലാം മുഖത്തുനോക്കി പറഞ്ഞു; ഒടുക്കം മോദിയെ കെട്ടിപ്പിടിച്ച് അവസാനിപ്പിച്ചു; അന്തംവിട്ട് മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th July 2018, 2:18 pm

ന്യൂദല്‍ഹി: അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും എന്‍.ഡി.എ സര്‍ക്കാറിനുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. പ്രസംഗം അവസാനിപ്പിച്ച അദ്ദേഹം മോദിയുടെ അരികിലേക്ക് പോയി അദ്ദേഹത്തെ ആലിംഗനം ചെയ്ത് ഹസ്തദാനം ചെയ്തുകൊണ്ട് എന്തോ സംസാരിച്ചാണ് തിരിച്ചു സീറ്റിലെത്തിയത്.

ഞാനിത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. വ്യക്തിപരമായി എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണ് എന്നു പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.

രാഹുലിന്റെ പ്രസംഗത്തിലെ പ്രധാന പരാമര്‍ശങ്ങള്‍:

ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ആക്രമണങ്ങള്‍ നടക്കുകയാണ്. പക്ഷേ പ്രധാനമന്ത്രി ഒന്നും പറയുന്നില്ല. അദ്ദേഹത്തിന്റെ മന്ത്രിമാര്‍ അക്രമികളെ മാലയിട്ട് സ്വീകരിക്കുകയാണ്. ഇത്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍ തന്റെ മനസില്‍ എന്താണുള്ളതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറയണം.

ALSO READ: മോദി ജനങ്ങളെ വഞ്ചിച്ചു; മുഖത്തുനോക്കി സംസാരിക്കാത്തത് കള്ളത്തരമുള്ളതുകൊണ്ട്; സഭയില്‍ ആഞ്ഞടിച്ച് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രണ്ട് വ്യത്യസ്ത രാഷ്ട്രീയക്കാരാണ്. പക്ഷേ രണ്ടുപേര്‍ക്കും അധികാരം നഷ്ടമാകുന്നത് സഹിക്കാനാവില്ല.

ഇന്ത്യക്കാര്‍ ചൂഷണം ചെയ്യപ്പെടുകയും രാജ്യത്ത് കൊല്ലപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളോട് മറുപടി പറയുകയെന്നത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.

രാജ്യത്ത് ഒരാള്‍ അതിക്രമം കാണിക്കുമ്പോള്‍ അത് വ്യക്തികള്‍ക്കുനേരെയുള്ള ആക്രമണമല്ല മറിച്ച് ബി.ആര്‍ അംബേദ്കറിന്റെ ഭരണഘടനയ്ക്കുനേരെയുള്ള അതിക്രമമാണ്. ഇത്തരം ആള്‍ക്കൂട്ട അക്രമങ്ങളെ ഞങ്ങള്‍ സഹിക്കില്ല.