ന്യൂദല്‍ഹി: ഹിന്ദു-ഹിന്ദുത്വ വിവാദത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകമായ സണ്‍റൈസ് ഓവര്‍ നാഷന്‍ഹുഡ് ഇന്‍ അവര്‍ ടൈംസ് എന്ന പുസ്തകത്തിലെ പരാമര്‍ശത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ സംഘ് ആക്രമണം ഉണ്ടായിരുന്നു.
ഹിന്ദുത്വവും ഹിന്ദു മതവും രണ്ട് വ്യത്യസ്ത ആശയങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. വര്‍ദയില്‍ ഓണ്‍ലൈനായി നടന്ന ജന്‍ ജാഗരണ്‍ അഭിയാന്‍ പരിപാടിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
‘ഒരു സിഖുകാരനേയോ മുസല്‍മാനേയോ അടിക്കാനാാണോ ഹിന്ദുമതം അനുശാസിക്കുന്നത്. ഞാന്‍ ഒരുപാട് പുസ്തകങ്ങളും ഉപനിഷത്തുക്കളും വായിച്ചിട്ടുണ്ട്. അതില്‍ എവിടെയും ഇത് ഞാന്‍ കണ്ടിട്ടില്ല.
മറ്റ് മതങ്ങളെ ആക്രമിക്കുന്നത് ഒരിക്കലും ഹിന്ദുമതത്തില്‍ അനുവദിക്കുന്നില്ല. അങ്ങനെ ആക്രമിക്കുന്നത് ഒരിക്കലും ഹിന്ദുമതമല്ല ഹിന്ദുത്വയാണ്. ഹിന്ദുത്വവും ഹിന്ദുമതവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ഞങ്ങള്‍ പറയുന്നത് ഈ ലളിതമായ യുക്തിയെ അടിസ്ഥാനമാക്കിയാണ്.
നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ എന്തിനാണ് ഹിന്ദുത്വയുടെ ആവശ്യം. നിങ്ങള്‍ക്ക് ഹിന്ദുത്വയുടെ ആവശ്യമില്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
‘സനാതന ധര്‍മവും ക്ലാസിക്കല്‍ ഹിന്ദുമതത്തെക്കുറിച്ച് അവബോധമുളള സന്യാസിമാരും ഹിന്ദുത്വത്തെ തളളിപ്പറയുന്നു. എല്ലാ മാനദണ്ഡങ്ങളും പരിശോധിക്കുകയാണെങ്കില്‍ ഐ.എസ്, ബോക്കൊഹറം തുടങ്ങിയ ഇസ്‌ലാമിക് ജിഹാദിസ്റ്റ് ഗ്രൂപ്പുകളുടേതിന് സമാനമായ രാഷ്ട്രീയ ധാരയാണ് ഹിന്ദുത്വം’ എന്നായിരുന്നു പുസ്തകത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ് എഴുതിയത്.
എന്നാല്‍, ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നിരുന്നു. ബി.ജെ.പിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഗുലാം നബി ആസാദുമടക്കമുള്ള ആളുകള്‍ അദ്ദേഹത്തിനെതിരെ പരസ്യ വിമര്‍ശനമുന്നയിച്ച് രംഗത്ത് വന്നിരുന്നു.
ഹിന്ദുത്വ, അതിന്റെ പൊളിറ്റിക്കല്‍ വേര്‍ഷനില്‍ ജിഹാദിസ്റ്റ് ഇസ്‌ലാം ഗ്രൂപ്പുകളായ ഐ.എസ്.ഐ.എസ്, ബൊക്കോ ഹറാം എന്നിവയുമായി സാമ്യമുള്ളതാണ് എന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഈ താരതമ്യപ്പെടുത്തല്‍ തെറ്റാണെന്നാണ് ഇപ്പോള്‍ ആസാദ് അഭിപ്രായപ്പെട്ടിരിക്കുന്നത്.
”ഹിന്ദുത്വ ഒരു രാഷ്ട്രീയ ആശയം എന്ന നിലയില്‍ നമ്മള്‍ അംഗീകരിക്കണമെന്നില്ല. എന്നാലും ജിഹാദിസ്റ്റ് ഇസ്‌ലാമുമായും ഐ.എസ്.ഐ.എസുമായും അതിനെ താരതമ്യപ്പെടുത്തുന്നത് തെറ്റാണ്. അതൊരു അതിശയോക്തിയാണ്,” ആസാദ് പറഞ്ഞു.
അതേസമയം ആസാദിന്റെ പരാമര്‍ശത്തോട് ഖുര്‍ഷിദും പ്രതികരിച്ചിട്ടുണ്ട്.
‘ആസാദ് വളരെ അനുഭവ സമ്പത്തുള്ള ഒരാളാണ്. അദ്ദേഹത്തിന്റെ അഭിപ്രായം ഗൗരവമായെടുക്കുന്നു. ഹിന്ദുത്വ ആശയത്തെ എതിര്‍ക്കുന്നുണ്ടെന്ന് അദ്ദേഹവും പറഞ്ഞിട്ടുണ്ട്. അത് എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. അത്രയേ ഉള്ളൂ,” എന്നായിരുന്നു ഖുര്‍ഷിദിന്റെ മറുപടി.
കഴിഞ്ഞ ദിവസം ഖുര്‍ഷിദിന്റെ പുസ്തകത്തെ വിമര്‍ശിച്ച് ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഖുര്‍ഷിദിനെ പുറത്താക്കണമെന്നും ഹിന്ദുക്കളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ സോണിയ ഗാന്ധി പരാമര്‍ശത്തിന് വിശദീകരണം നല്‍കണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെട്ടത്.
അടുത്ത വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസ് മുസ്‌ലിം വോട്ടുകള്‍ക്ക് വേണ്ടി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ ഖുര്‍ഷിദിന്റെ പുസ്തകം പ്രകാശനം ചെയ്തത്. ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്ക വിഷയം, അതിന്മേലുണ്ടായ നിയമയുദ്ധം, അലഹബാദ് ഹൈക്കോടതി, സുപ്രീംകോടതി എന്നിവയുടെ വിധികള്‍ എന്നിവയെക്കുറിച്ചാണ് പുസ്തകം.