ന്യൂദല്‍ഹി: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. ടി-20 ലോകകപ്പില്‍ പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഷമിയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണങ്ങളായിരുന്നു നടന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഷമിയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിലാണ് അദ്ദേഹം ഷമിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.
‘മുഹമ്മദ് ഷമി, ഞങ്ങളെല്ലാവരും നിന്നോടൊപ്പമുണ്ട്. ഇവരുടെ മനസ്സില്‍ നിറയെ വെറുപ്പും വിദ്വേഷവുമാണ്, കാരണം ആരും അവരെ സ്‌നേഹിക്കുന്നില്ല. അവരോട് ക്ഷമിക്കൂ,’ എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്.
മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നൊരോപിച്ചാണ് ഹിന്ദുത്വവാദികളുെട സൈബര്‍ ആക്രമണം. 18ാം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഇവര്‍ ഷമിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഒരുവശത്ത് ഉറച്ചുനിന്ന കോഹ്‌ലിയാണ് പൊരുതാവുന്ന സ്‌കോര്‍ ടീമിന് സമ്മാനിച്ചത്. മറുപടി ബാറ്റിംഗില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ വിജയത്തിലെത്തുകയായിരുന്നു.