| Monday, 2nd April 2018, 12:48 pm

ദളിതരെ അടിച്ചമര്‍ത്തുന്നതിന് പിന്നില്‍ ആര്‍.എസ്.എസ് ഡി.എന്‍.എ; ദളിത് ബന്ദിന് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: എസ്.സി, എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതിനെതിരെ ദളിത് സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദിന് പിന്തുണയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

രാജ്യത്ത് ദളിതരെ സമൂഹത്തിന്റെ അടിത്തട്ടില്‍ നിലനിര്‍ത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ആര്‍.എസ്.എസ് ഡി.എന്‍.എ ആണെന്നും ഇതിനെ ചോദ്യം ചെയ്യുന്നവരെ അക്രമമഴിച്ചുവിട്ട് അടിച്ചമര്‍ത്തുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

മോദി സര്‍ക്കാരില്‍ നിന്നും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി തെരുവിലിറങ്ങിയ ദളിത് സഹോദരങ്ങളെ സല്യൂട്ട് ചെയ്യുന്നതായും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
എസ്.എസി,എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെയുള്ള ദളിത് സംഘടനകളുടെ ഭാരത് ബന്ദിന് കോണ്‍ഗ്രസിന്റെയും ഇടതുസംഘടനകളുടെയും പിന്തുണയുണ്ട്.


Read more:  എസ്.സി എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതിനെതിരെ ദളിത് സംഘടനകളുടെ ഭാരത് ബന്ദ്; ട്രെയിന്‍ഗതാഗതം തടസപ്പെട്ടു


സുപ്രീംകോടതി വിധി അനുസരിച്ച് എസ്.സി-എസ്.ടി ആക്ട് പ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്യുന്നതിനു മുമ്പ്, ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിനു താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥന്റെ പ്രാഥമിക അന്വേഷണം അനിവാര്യമാണെന്നാണ് വ്യവസ്ഥ. കര്‍ശനമായ വ്യവസ്ഥകളുള്ള ഈ നിയമം നേരിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് ഒരു തടസവുമില്ല.

ബന്ധപ്പെട്ട അധികാരികളുടെ അനുമതിയോടെ മാത്രമെ പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധന നിയമമനുസരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഡോ. സുഭാഷ് കാശിനാഥ് മഹാജന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ആദര്‍ശ് ഗോയല്‍, യു. യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദശം നല്‍കിയത്.

We use cookies to give you the best possible experience. Learn more