ലക്‌നൗ: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്‌ക്കെതിരെ പുതിയ നീക്കവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ബി.ജെ.പി സര്‍ക്കാര്‍ നിരന്തരം വേട്ടയാടുന്ന ഡോ. കഫീല്‍ഖാന് പിന്തുണ അറിയിച്ചും സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും രാഹുല്‍ ഗാന്ധി കത്തയച്ചു.
കഫീല്‍ഖാന് പുറമെ കര്‍ഷക നേതാവായ വി.എം സിംഗിനും വാരാണസി-ഗോരഖ്പൂര്‍ ദേശീയപാതാ ഭൂമിയേറ്റെടുക്കലിനെതിരെ സമരം നടത്തുന്ന സുനിലിനും രാഹുല്‍ കത്തയച്ചിട്ടുണ്ട്.
കഫീല്‍ ഖാന്റെ സഹോദരനുനേരെയുള്ള ആക്രമണം സംസ്ഥാനസര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ശാരീരികമായി ഇല്ലാതാക്കാനാണ് ശ്രമമെന്നും രാഹുല്‍ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
“താങ്കളുടെ ധൈര്യത്തെ ഞാന്‍ അഭിനന്ദിക്കുന്നു. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിങ്ങളുടെ മനോഭാവവും ജോലിയോടുള്ള ആത്മാര്‍ത്ഥതയും പ്രതീക്ഷ നല്‍കുന്നു.” – രാഹുല്‍ കത്തില്‍ കുറിച്ചു.
കഫീല്‍ ഖാനെ ഉടന്‍ നേരില്‍ക്കാണുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുല്‍ പറഞ്ഞു. അതേസമയം രാഹുലിന്റെ കത്ത് വന്ന സമയം താന്‍ വീട്ടിലില്ലായിരുന്നെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.പി ത്രിപാഠിയുടെ കത്ത് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും കഫീല്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: