മാറ്റത്തിന് വേണ്ടി സത്യം വിളിച്ചുപറയണം; മീടുവിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
MeToo
മാറ്റത്തിന് വേണ്ടി സത്യം വിളിച്ചുപറയണം; മീടുവിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 12:18 pm

ന്യൂദല്‍ഹി: മീ ടു ക്യാമ്പയിനെ പിന്തുണച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

അന്തസ്സോടെയും ബഹുമാനത്തോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന് പഠിക്കണമെന്നും
മാറ്റത്തിന് വേണ്ടി സത്യം വിളിച്ചുപറയണമെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു.

സ്ത്രീകളെ അന്തസ്സോടെയും അതിലുപരി ബഹുമാനത്തോടെയും സമീപിക്കേണ്ടതിനെ കുറിച്ച് ഏവരും പഠിക്കേണ്ടിയിരിക്കുന്നു. സത്യം വിളിച്ചുപറയാനായി സ്ത്രീകള്‍ മുന്നോട്ടുവരുന്നതില്‍ ഏറെ സന്തോഷമുണ്ട്. – രാഹുല്‍ കുറിക്കുന്നു.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളുടെയും ചൂഷണങ്ങളുടെയും തുറന്നുപറച്ചിലുകള്‍ എന്ന നിലയ്ക്കാണ് മി ടൂ എന്ന ഹാഷ് ടാഗില്‍ സോഷ്യല്‍ മീഡിയാ ക്യാംപെയ്ന്‍ ആരംഭിച്ചത്.


ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡില്‍നിന്നു മാറ്റണമെന്ന ഹര്‍ജി; സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്


കഴിഞ്ഞദിവസങ്ങളില്‍ രാഷ്ട്രീയ, മാധ്യമ, സാംസ്‌കാരികമേഖലയിലെ പ്രമുഖര്‍ക്കെതിരെ തുറന്നുപറച്ചിലുകളുമായി നിരവധി സ്ത്രീകള്‍ മുന്നോട്ടുവന്നിരുന്നു.

അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവന്ന മീ ടൂ കാമ്പെയ്നിനെ ഇന്ത്യയിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ള സ്ത്രീകളും ഏറ്റുപിടിച്ചിരുന്നു. മലയാളത്തില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരെയും വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു.

ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് ഈ സോഷ്യല്‍ മീഡിയ പ്രചരണം ലോകശ്രദ്ധ നേടിയത്. സിനിമാമേഖലയില്‍ ആരംഭിച്ച മീടു സമൂഹത്തിന്റെ നാനാതുറകളിലേയ്ക്ക് വ്യാപിക്കുകയാണ്.