കൊല്‍ക്കത്ത: റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മോദിക്കെതിരെ ധര്‍ണ്ണ നടത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയും ബി.ജെ.പിയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബംഗാളിലെ സംഭവവികാസങ്ങളെന്ന് രാഹുല്‍ പറഞ്ഞു.
“മമതാ ബാനര്‍ജിയുമായി സംസാരിച്ചിരുന്നു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളെല്ലാം ഈ ഫാസിസ്റ്റ് നടപടിക്കെതിരെ അവരോടൊപ്പം നില്‍ക്കും”.
ഇന്നലെ രാത്രിയോടൊയാണ് ബംഗാളില്‍ അസാധാരണമയാ സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.
നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
2013ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു.1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം.
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും രണ്ടു വര്‍ഷമായി ഒഴിഞ്ഞു മാറുകയാണെന്നാണ് സി.ബി.ഐ ആരോപണം.
WATCH THIS VIDEO: