| Wednesday, 3rd April 2024, 1:54 pm

വയനാടിന്റെ എം.പിയാകാന്‍ സാധിച്ചതില്‍ സന്തോഷം; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. കല്‍പ്പറ്റയില്‍ വലിയ ജനാവലി പങ്കെടുത്ത റോഡ് ഷോ ആയാണ് അദ്ദേഹം കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചത്. റോഡ് ഷോ ഒരു മണിക്കൂറോളം നീണ്ടുനിന്നു.

പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് ജില്ലാ കലക്ടര്‍ക്ക് മുന്നിലെത്തി രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാല് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ വയനാട്ടില്‍ വിജയിച്ചത്.

വയനാടിന്റെ എം.പി ആകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും വയനാട്ടിലെ ജനങ്ങള്‍ തന്റെ കുടുംബമായി മാറിയെന്നും റോഡ് ഷോയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങള്‍ നേരിടുന്ന വന്യജീവി ആക്രമണം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അഞ്ച് വര്‍ഷത്തിന് മുമ്പ് വെറുമൊരു സ്ഥാനാര്‍ത്ഥിയായി ഇവിടെ എത്തിയ എന്നെ കുടുംബത്തിലെ അംഗത്തെ പോലെയാണ് വയനാട്ടിലെ ജനങ്ങള്‍ സ്വീകരിച്ചത്. എല്‍.ഡി.എഫ് പ്രവര്‍ത്തകരെന്നോ യു.ഡി.എഫ് പ്രവര്‍ത്തകരെന്നോ അതില്‍ എനിക്ക് വ്യത്യാസം തോന്നിയിട്ടില്ല. പ്രളയ കാലത്ത് ഉള്‍പ്പടെ വയനാടിന്റെ എല്ലാ പ്രശ്‌നത്തിലും ഞാന്‍ ഒപ്പമുണ്ടായിരുന്നു,’ രാഹുല്‍ പറഞ്ഞു.

ഇന്ന് ദല്‍ഹിയിലേക്ക് മടങ്ങിയ ശേഷം ഏപ്രില്‍ 15ന് കഴിഞ്ഞ് പല ദിവസങ്ങളായി ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ രാഹുല്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ വയനാടിന് പുറമേ മറ്റേതെങ്കിലും മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. രാവിലെ വയനാട്ടിലെത്തിയ രാഹുലിനും പ്രിയങ്കക്കും വലിയ സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്.

Content Highlight: Rahul Gandhi submits nomination papers

We use cookies to give you the best possible experience. Learn more