ദിസ്പൂർ: അസമിലെ ഭട്ടദ്രവ സത്രം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞതിന് പിന്നാലെ നടുറോഡിൽ കുത്തിയിരിപ്പ് സമരവുമായി രാഹുൽ ഗാന്ധി.
അസമിലെ സാമൂഹ്യ പരിഷ്കർത്താവായ ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ക്ഷേത്രം സന്ദർശിക്കുവാൻ രാഹുൽ ഗാന്ധിക്ക് അനുമതി നൽകിയിരുന്നു എന്ന് ക്ഷേത്രം അധികൃതർ പറയുന്നു.
അനുമതിയുണ്ടായിട്ടും തന്നെ അകത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് അസമിൽ പര്യടനം നടത്തുകയാണ് രാഹുൽ ഗാന്ധി.
‘ എന്നെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുകയാണ്. ക്ഷേത്രത്തിൽ പോകുവാൻ എനിക്ക് അനുമതി ലഭിച്ചിരുന്നതാണ്. പക്ഷേ ഇന്ന് അവർ വിസമ്മതിക്കുന്നു. ഇന്ന് ഒരാൾക്ക് മാത്രമേ ക്ഷേത്രത്തിൽ പോകുവാൻ അധികാരമുള്ളൂ ഏന്മകജെ തോന്നുന്നു. ഞാൻ ഇവിടെ തൊഴുത് പ്രാർത്ഥിക്കുവാൻ മാത്രമാണ് വന്നത്,’ രാഹുൽ ഗാന്ധി പറഞ്ഞു.
ജനുവരി 11 മുതൽ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാൻ അനുമതിക്കായി തങ്ങൾ ശ്രമിക്കുകയാണെന്നും ഇതിനായി രണ്ട് എം എൽ.എ.മാർ അധികൃതരുമായി കൂടിക്കാഴ്ച നടത്തിയതാണെന്നും ജയറാം രമേശ് പറഞ്ഞു.
‘ജനുവരി 22ന് രാവിലെ 7 മണിക്ക് വരാൻ നേരത്തെ പറഞ്ഞതാണ്. എന്നാൽ കഴിഞ്ഞ ദിവസം ഞങ്ങളെ അറിയിച്ചത് മൂന്നുമണിവരെ പ്രവേശനം അനുവദിക്കില്ലെന്നാണ്.
ഇത് സംസ്ഥാന സർക്കാരിൽ നിന്നുള്ള സമ്മർദമാണ്. മൂന്നുമണിക്ക് ശേഷം പോകുന്നത് വളരെ പ്രയാസകരമാണ്. കാരണം ഞങ്ങൾക്ക് കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാനുണ്ട്,’ ജയറാം രമേശ് പറഞ്ഞു.
‘അനാവശ്യ മത്സരം’ ഒഴിവാക്കാൻ അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം മാത്രം സ്ഥലം സന്ദർശിക്കുവാൻ അസം മുഖ്യമന്ത്രി ബിശ്വ ശർമ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ദിവസങ്ങൾക്കകമാണ് പുതിയ സംഭവം.
എന്താണ് പ്രശ്നം എന്നും എന്തുകൊണ്ടാണ് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് തന്നെ തടയുന്നതെന്നും രാഹുൽ ഗാന്ധി പൊലീസുകാരോട് ചോദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.