കേംബ്രിഡ്ജ്: ഇസ്രാഈല്‍ ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് തന്റെ ഫോണ്‍കോളുകള്‍ ചോര്‍ത്തിയിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ എം.ബി.എ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടയിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍.
ഇന്ത്യയുടെ നിലനില്‍പ്പിനെ തന്നെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നരേന്ദ്ര മോദി നടത്തുന്നതെന്ന് കുറ്റപ്പെടുത്തിയ രാഹുല്‍ രാജ്യത്തെ പ്രതിപക്ഷ കക്ഷികളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് മോദി സര്‍ക്കാരില്‍ നിന്ന് ഉണ്ടാവുന്നതെന്നും അഭിപ്രായപ്പെട്ടു.
‘പെഗാസസ് ഉപയോഗിച്ച് എന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ട്. ഇന്ത്യയിലെ വലിയൊരു വിഭാഗം പ്രതിപകഷ നേതാക്കളുടെ ഫോണുകളും ഇത്തരത്തില്‍ ചോര്‍ത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ ഇന്റ്‌ലിജന്‍സ് വിഭാഗത്തിലെ ഓഫീസര്‍മാരാണ് ഇക്കാര്യത്തെക്കുറിച്ച് എനിക്ക് വിവരം നല്‍കിയത്. താങ്കള്‍ ഫോണിലൂടെ പറയുന്ന കാര്യങ്ങള്‍ സൂക്ഷിക്കണമെന്നാണ് അവരെനിക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇതാണ് ഇന്നത്തെ ഇന്ത്യയുടെ അവസ്ഥ,’ രാഹുല്‍ പറഞ്ഞു.
കൂടാതെ പാര്‍ലമെന്റിനെ ദുര്‍ബലപ്പെടുത്താനും ജനാധിപത്യത്തെ അസ്ഥിരപ്പെടുത്താനുമാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ന്യൂനപക്ഷങ്ങളെ രണ്ടാം നിര പൗരന്മാരായാണ് മോദി കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കാനാണ് മോദി ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും ഉള്‍ക്കൊള്ളാനാവാത്ത രീതികളാണ് അവര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്.
നമ്മുടെ രാജ്യത്ത് ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും സിഖുക്കാരുമുണ്ട്. അവരെല്ലാം രാജ്യത്തെ പൗരന്‍മാരാണ്. എന്നാല്‍ ഇവരെല്ലാം രാജ്യത്തെ രണ്ടാം നിര പൗരന്മാരാണെന്നാണ് മോദി പറയുന്നത്. പക്ഷെ ഞാനിക്കാര്യം അംഗീകരിക്കാന്‍ തയ്യാറല്ല,’ രാഹുല്‍ പറഞ്ഞു.
2022 ആഗസ്റ്റിലാണ് പെഗാസസ് ചാര സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തിയെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. കേസില്‍ വാദം കേട്ട സുപ്രീം കോടതി ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
അന്വേഷണത്തില്‍ പരിശോധനക്കയച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ പെഗാസസിന്റേതെന്ന് സംശയിക്കുന്ന വൈറസുകളും കണ്ടെത്തിയിരുന്നു. ഇത് അന്താരാഷ്ട്ര തലത്തിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഈ വിഷയത്തെക്കുറിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. എന്നാല്‍ രാഹുലിന്റെ ആരോപണത്തെ തള്ളി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
Content Highlight: Rahul gandhi speech in cambridge