| Sunday, 13th January 2019, 7:40 am

യുപിയില്‍ കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് മത്സരിക്കും; സാധ്യമായിടത്തെല്ലാം സഖ്യമുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ സാഹചര്യമാണുള്ളതെന്നും സാധ്യമായ സ്ഥലത്തെല്ലാം സഖ്യമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ മാറ്റിനിര്‍ത്തി ഉത്തര്‍പ്രദേശില്‍ ബി.എസ്പി- എസ്പി സഖ്യമുണ്ടാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം നിലക്ക് മത്സരിക്കും. പാര്‍ട്ടിയുടെ രാഷ്ട്രീയം ഉയര്‍ത്തി പിടിച്ച് പോരാടും. തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടും. എസ്.പി – ബി.എസ്.പി സഖ്യം തിരിച്ചടിയല്ല. അവര്‍ എസ്.പിയും ബി.എസ്.പിയും കോണ്‍ഗ്രസിനോട് ആശയപൊരുത്തമുള്ള പാര്‍ട്ടികളാണെന്നും രാഹുല്‍ ദുബായില്‍ പറഞ്ഞു.

Read Also : “അന്ന് മനസിലുറപ്പിച്ചതാണ് ഈ സഖ്യം” എസ്.പി – ബി.എസ്.പി സഖ്യത്തെക്കുറിച്ച് അഖിലേഷ് യാദവ്

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സുപ്രീംകോടതി, സി.ബി.ഐ തുടങ്ങിയ സ്ഥാപനങ്ങളുടെ വിശ്വാസ്യത തിരികെ കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നതിനാലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പി പരാജയപ്പെട്ടതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് അഴിമതി തുടര്‍ക്കഥായാവാന്‍ കാരണം കോണ്‍ഗ്രസ് സര്‍ക്കാരുകളാണെന്നും മായാവതി പറഞ്ഞിരുന്നു.

“കോണ്‍ഗ്രസിനൊപ്പമുള്ള മുന്‍കാല അനുഭവങ്ങള്‍ ശുഭകരമായിരുന്നില്ല. കോണ്‍ഗ്രസ് സ്വയം നേട്ടമുണ്ടാക്കിയതല്ലാതെ ഞങ്ങള്‍ക്ക് കാര്യമുണ്ടായില്ല.”രാജ്യത്തെവിടേയും കോണ്‍ഗ്രസുമായി സഖ്യം ചേരേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. എസ്.പി-ബി.എസ്.പി സഖ്യത്തില്‍ വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്നും മായാവതി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more