| Thursday, 1st October 2020, 12:43 pm

രാമക്ഷേത്രത്തിന് ആശംസ നേര്‍ന്ന പ്രിയങ്ക ബാബരി വിധിയില്‍ തുടരുന്ന മൗനം; അന്നും ഇന്നും ഒഴിഞ്ഞുമാറുന്ന രാഹുലും സോണിയയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളേയും വെറുതേവിട്ട കോടതി വിധിയില്‍ പ്രതികരണമൊന്നും നടത്താതെ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും പ്രിയങ്കയും രാഹുലും.

ബുധനാഴ്ചയാണ് 28 കൊല്ലത്തെ പഴക്കമുള്ള കേസില്‍ ലഖ്‌നൗ സി.ബി.ഐ പ്രത്യേക കോടതി വിധി പറഞ്ഞത്. ബാബരി മസ്ജിദ് തകര്‍ത്തത് ആക്‌സ്മികമായിട്ടാണെന്നും ഗൂഢാലോചന നടന്നിട്ടില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്. തെളിവായി സി.ബി.ഐ സമര്‍പ്പിച്ച ഫോട്ടോകള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.

കോടതി വിധിക്ക് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. രാഷ്ട്രീയ,കലാ, സാംസ്‌ക്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരാണ് വിധിക്കെതിരെ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ കേസില്‍ പ്രതികളായിരുന്ന അദ്വാനിയുള്‍പ്പെടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ വെറുതേ വിട്ട വിധിയില്‍ കോണ്‍ഗ്രസ് അധ്യക്ഷയായ സോണിയാ ഗാന്ധിയോ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

ഇതിനോടകം തന്നെ നേതാക്കളുടെ മൗനം വലിയ രീതിയില്‍ ചര്‍ച്ചയ്ക്ക് വിഷയമായിട്ടുണ്ട്. പൊതുവേ എല്ലാ വിഷയങ്ങളിലും പ്രതികരണം നടത്താറുള്ള പ്രിയങ്കയും രാഹുലും എന്തുകൊണ്ടാണ് ബാബരി വിധിയില്‍ നിലപാട് വ്യക്തമാക്കാത്തതെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന വിമര്‍ശനം. ഇരുവരും ഔദ്യോഗിക ട്വിറ്ററില്‍ സജീവമാണ് എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ബാബരി വിധിയില്‍ മൗനം പാലിക്കുന്ന പ്രിയങ്ക ആഗസ്റ്റില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ആശംസകളുമായി രംഗത്തെത്തിയ നടപടിയും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ദേശീയ ഐക്യം ഊട്ടിയുറപ്പിക്കുന്ന ചടങ്ങായി ഭൂമിപൂജ മാറട്ടെയെന്നായിരുന്നു പ്രിയങ്ക അന്ന് ട്വിറ്ററില്‍ എഴുതിയത്.

ലാളിത്യം, ധൈര്യം, സംയമനം, ത്യാഗം, പ്രതിബദ്ധത എന്നിവയാണ് രാമന്‍ എന്ന പേരിന്റെ സാരം. രാം എല്ലാവര്‍ക്കൊപ്പവും ഉണ്ട്, എല്ലാവരിലുമുണ്ട് എന്ന് പറഞ്ഞ പ്രിയങ്ക ശ്രീരാമന്റേയും സീതയുടേയും അനുഗ്രഹം കൊണ്ട് രാംലാല ക്ഷേത്രത്തിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാണെന്നും പറഞ്ഞിരുന്നു. പക്ഷേ അന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നില്ല.

അതേസമയം, ബാബരി കേസില്‍ കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല രംഗത്തെത്തിയിരുന്നു.

വിധി നവംബര്‍ 9ലെ സുപ്രീം കോടതി വിധിക്കും ഭരണഘടനാമൂല്യങ്ങള്‍ക്കും എതിരാണെന്നന്നാണ് സുര്‍ജേവാല പറഞ്ഞത്. വിധിക്കെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാരും, കേന്ദ്ര സര്‍ക്കാരും അപ്പീല്‍ പോകണമെന്നും, പക്ഷപാതപരമായ സമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ന്യൂദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rahul Gandhi, Sonia Gandhi and Priyanka Gandhi still  did not respond to the Babri verdict

We use cookies to give you the best possible experience. Learn more