ലണ്ടന്‍: കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസംഗവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ ഒന്നും വളച്ചൊടിച്ചിട്ടില്ലെന്നും അത് ചെയ്യുന്നത് ബി.ജെ.പിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതെന്നും കേന്ദ്രത്തില്‍ നിന്ന് ബി.ജെ.പിയേയും ആര്‍.എസ്.എസിനേയും തുടച്ചുനീക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടനില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നടത്തിയ പല പരാമര്‍ശങ്ങളും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നവയാണ്. കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യയില്‍ ഒന്നും സംഭവിച്ചിട്ടില്ലെന്നും രാജ്യത്ത് അഴിമതിയുടെ അതിപ്രസരമാണെന്നുമൊക്കെയുള്ള പരാമര്‍ശങ്ങള്‍ അപകീര്‍ത്തികരം തന്നെയാണ്.
ഇന്ത്യയെ ഇന്ന് കാണുന്ന വികസനത്തിലേക്കെത്തിക്കാന്‍ പ്രയത്‌നിച്ച എല്ലാവരേയും നിന്ദിക്കുന്നതിന് തുല്യമാണത്. അതും ഈ കാര്യങ്ങളെല്ലാം വിദേശ രാജ്യങ്ങളില്‍ പോയി പറയുന്നത് അതേ രാജ്യത്തെ പ്രധാനമന്ത്രി തന്നെയാണ്.
ഞാന്‍ ഒന്നിനേയും വളച്ചൊടിച്ച് സംസാരിച്ചിട്ടില്ല. അതെല്ലാം ബി.ജെ.പിയുടെ രീതിയാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയില്‍ നിലവില്‍ എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന രീതിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
‘രാജ്യത്ത് എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവണതയാണ് നിലവിലുള്ളത്. അതിന് ഏറ്റവും വലിയ ഉദാഹരണം ബി.ബി.സി ഡോക്യുമെന്ററി തന്നെയാണ്. ഈ വിഷയം പറയാനുള്ള കാരണം നിലവില്‍ യു.കെ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയം ഇതായതുകൊണ്ടാണ്.
കാരണം ബി.ബി.സി ഇത്തരം അടിച്ചമര്‍ത്തല്‍ ആദ്യമായാണ് അഭിമുഖീകരിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഈ അടിച്ചമര്‍ത്തല്‍ അനുഭവിക്കുകയാണ്.
ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുകയാണ്. അവര്‍ പീഡിപ്പിക്കപ്പെടുന്ന, കൊലചെയ്യപ്പെടുന്നു. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ട പിന്തുണയും ഇതേ സര്‍ക്കാര്‍ നല്‍കുന്നുണ്ട്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.