ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പകരം ക്രിമിനലുകളെ രക്ഷിക്കുന്ന രീതിയാണ് യു.പിയില്‍ നിലനില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം യു.പിയില്‍ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയ ബി.ജെ.പി എം.എല്‍.എയുടെ നടപടിക്കെതിരെ പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം.
‘ബേട്ടി ബച്ചാവോയില്‍ തുടങ്ങി ഇപ്പോള്‍ ക്രിമിനല്‍ ബച്ചാവോയില്‍ എത്തിനില്‍ക്കുന്നു’- എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
രാഹുലിന്റെ ട്വീറ്റിനെ പിന്തുണച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ക്ക് നേരേയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതില്‍ യു.പി സര്‍ക്കാരിനെ മുമ്പും പ്രിയങ്ക വിമര്‍ശിച്ചിരുന്നു.
‘യു.പി മുഖ്യമന്ത്രി ഇതൊക്കെ ഏത് പദ്ധതിയുടെ ഭാഗമായിട്ടാണ് നടക്കുന്നതെന്ന് പറയാമോ? ബേട്ടി ബച്ചാവോ ആണോ, അതോ ക്രിമിനല്‍ ബച്ചാവോ ആണോ?’ – പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഹാത്രാസ് സംഭവത്തിന് ശേഷം യു.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Rahul Gandhi Slams Yogi Aditya Nath