ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് വാക്‌സിന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് നാല് ചോദ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം.
രാജ്യത്തെ കൊവിഡ്-19 സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് രാഹുലിന്റെ വിമര്‍ശനം.
പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് പറയണം,
1. ലഭ്യമായ കൊവിഡ് വാക്‌സിനുകളില്‍ നിന്ന് ഏതാണ് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുക്കാന്‍ പോകുന്നത്?എന്തുകൊണ്ട്?
2. ആര്‍ക്കൊക്കെയാണ് ആദ്യം വാക്‌സിന്‍ നല്‍കുക. എന്ത് അടിസ്ഥാനത്തിലായിരിക്കും വാക്‌സിന്‍ വിതരണം?
3. സൗജന്യ വാക്‌സിനേഷനായി പി.എം കെയേഴ്‌സ് ഫണ്ട് ഉപയോഗിക്കുമോ?
4. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും എന്നാണ് വാക്‌സിനേഷന്‍ ലഭ്യമാകുക?, രാഹുല്‍ ട്വീറ്റ് ചെയ്തു.
നേരത്തെയും കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ രാഹുല്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ലോക്ഡൗണ്‍ മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ സാമ്പത്തിക പാക്കേജുകളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ആസൂത്രിതമല്ലാത്ത ലോക്ഡൗണ്‍ പ്രഖ്യാപനം ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളെയും ദാരിദ്രത്തിലേക്ക് തള്ളിവിട്ടുവെന്ന് രാഹുല്‍ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വാര്‍ത്തറിപ്പോര്‍ട്ടിനെ അധികരിച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന് അറിയാമെന്നും എന്നാല്‍ അവര്‍ മറച്ചുവെയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Rahul Gandhi Slams Union Government