| Friday, 20th July 2018, 2:42 pm

പാര്‍ലമെന്റില്‍ ഇന്ന് രാഹുലിന്റെ ദിനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ന് രാഹുലിന്റെ ദിനമായിരുന്നു. നാടകീയമായ തുടക്കം, അതിനാടകീയമായ അവസാനവും. അതായിരുന്നു പാര്‍ലമെന്റില്‍ രാഹുലിന്റെ ഇന്നത്തെ പ്രസംഗം. വെറും 38 മിനുട്ടുകള്‍ മാത്രമാണ് സഭയില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസിന് അനുവദിച്ചതെങ്കിലും അതില്‍ ഓരോ സെക്കന്റുകളും ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തി രാഹുല്‍ തന്റേതാക്കി മാറ്റുകയായിരുന്നു.

പ്രസംഗം അവസാനിപ്പിച്ച രാഹുല്‍ മോദിയുടെ അരികിലേക്ക് പോയി അദ്ദേഹത്തെ ആലിംഗനം ചെയ്ത് ഹസ്തദാനം ചെയ്തുകൊണ്ട് തിരിച്ച് സീറ്റിലെത്തി. രാഹുലിന്റെ ഈ നടപടിയെ പ്രതിപക്ഷവും ഭരണപക്ഷവും കയ്യടിച്ചാണ് അഭിനന്ദിച്ചത്.

“”ഞാനിത്രയും നേരം നിങ്ങളെ വിമര്‍ശിച്ചു. വ്യക്തിപരമായി എനിക്ക് നിങ്ങളോട് ദേഷ്യമൊന്നുമില്ല. എന്റേത് കോണ്‍ഗ്രസ് സംസ്‌കാരമാണ് “”എന്നു പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.

അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചും കൊണ്ടായിരുന്നു രാഹുല്‍ പ്രസംഗം ആരംഭിച്ചത്.

വാഗ്ദാന ലംഘനങ്ങുടെ കഥയാണ് സര്‍ക്കാരിനുള്ളത്. 21ാം നൂറ്റാണ്ടിലെ രാഷ്ട്രീയ ആയുധത്തിന് ഇരയാണ് ടി.ഡി.പി എന്ന രാഷ്ട്രീയ പാര്‍ട്ടി. തെലുങ്കു ദേശം പാര്‍ട്ടിയെ രാഷ്ടീയ അയുധമാക്കുക മാത്രമല്ല പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുകയായിരുന്നെന്നും രാഹുല്‍ പ്രസംഗം ആരംഭിച്ചു കൊണ്ട് പറഞ്ഞു.

രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് പറയുന്ന പ്രധാനമന്ത്രി സത്യസന്ധനല്ലെന്നും ഇന്ത്യയിലെ ജനങ്ങളെ വഞ്ചിച്ചെന്നും രാഹുല്‍ ആരോപിച്ചു.

റാഫേല്‍ ഇടപാടിലെ അഴിമതി ആരോപണം മുതല്‍ ജി.എസ്.ടിയും തൊഴില്‍ വാഗ്ദാനങ്ങളും എണ്ണിയെണ്ണി ചോദിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

പ്രധാനമന്ത്രിയുടെ വിദേശയാത്രയെ അടക്കം കടുത്ത ഭാഷയിലാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മോദി എല്ലാ പ്രസംഗങ്ങളിലും പറഞ്ഞിരുന്നത്. എന്നാല്‍ നാലു ലക്ഷം മാതമാണ് ഇതു വരെ സൃഷ്ടിച്ചതെന്ന് ലേബര്‍ ബ്യൂറോ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

അവിശ്വാസ പ്രമേ ചര്‍ച്ചക്ക് തുടക്കമിട്ടുകൊണ്ടള്ള ജയദേവ് ഗല്ലയുടെ പ്രസംഗം ശ്രദ്ധിക്കുകയായിരുന്നു താന്‍. ടിഡിപിയുടെ വേദനയുടെ ആഴം മനസിലാക്കുന്നു. അതില്‍ താന്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്നു.

സര്‍ക്കാര്‍ ചരക്കു സേവന നികുതി കൊണ്ടുവന്നു. അഞ്ച് സ്ലാബുകളാക്കിയാണ് നടപ്പാക്കിയത്. ചെറുകിട കച്ചവടക്കാരില്‍ ആദായനികുതി ചുമത്തി അവരെ നശിപ്പിച്ചു. സുറത്തിലെ ജനങ്ങളുമായി താന്‍ സംവദിച്ചിരുന്നു. കര്‍ഷകരും ചെറുകിട കച്ചവടക്കാരുമായിരുന്നു അതില്‍ അധികവും. നോട്ട് നിരോധനം തങ്ങളെ പ്രതികൂലമായി ബാധിച്ചെന്നായിരുന്നു അവര്‍ പറഞ്ഞത്.

പൊള്ളയായ വാഗ്ദാനങ്ങളുടെ ഒരു ഇരയാണ് ആന്ധ്രപ്രദേശ്. ഇത്തരത്തില്‍ പൊള്ളായ വാഗ്ദാന പെരുമഴ തന്നെ ബി.ജെ.പി സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. തൊഴില്‍ വാഗ്ദാനം നല്‍കി യുവാക്കളെ വഞ്ചിച്ചും. കര്‍ഷകരേയും ചെറുകിട വ്യാപാരികളുടേയും ജീവിതം നോട്ട് നിരോധനം തകര്‍്തതു.

ജിഎസ്ടി രാജ്യത്തെ ചെറുകിട വ്യവസായത്തെ തകര്‍ത്തു. പക്ഷേ പ്രധാനമന്ത്രി ഇത് ശ്രദ്ധിക്കുന്നില്ല. അദ്ദേഹത്തിന് വിദേശത്തടക്കമുള്ള വന്‍കിട വ്യവസായികളോടാണ് താല്‍പര്യമില്ലെന്നും രാഹുല്‍ ആരോപിച്ചു.

തന്റെ വാക്കുകള്‍ കേട്ട് പ്രധാനമന്ത്രി പുഞ്ചിരിക്കുകയാണ്. എന്നാല്‍ അദ്ദേഹം അസ്വസ്ഥനാണ്. മോദിക്ക് എന്റെ കണ്ണുകളില്‍ നോക്കാനാവില്ല. അദ്ദേഹം സത്യസന്ധനല്ല- രാഹുല്‍ പ്രസംഗത്തില്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ കാവല്‍ക്കാരനാണ് താനെന്നാണ് പ്രധാനമന്ത്രി എപ്പോഴും പറയാറുള്ളത്. എന്നാല്‍ അമിത് ഷായുടെ മകനെതിരേ കോടികളുടെ ക്രമക്കേട് ആരോപണം ഉയര്‍ന്നിട്ടും മിണ്ടാത്ത വ്യക്തിയാണ് അദ്ദേഹമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കുറ്റപ്പെടുത്തി.

ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ആക്രമണങ്ങള്‍ നടക്കുകയാണ്. പക്ഷേ പ്രധാനമന്ത്രി ഒന്നും പറയുന്നില്ല. അദ്ദേഹത്തിന്റെ മന്ത്രിമാര്‍ അക്രമികളെ മാലയിട്ട് സ്വീകരിക്കുകയാണ്. ഇത്തരം ആക്രമണങ്ങള്‍ നടക്കുമ്പോള്‍ തന്റെ മനസില്‍ എന്താണുള്ളതെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറയണം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രണ്ട് വ്യത്യസ്ത രാഷ്ട്രീയക്കാരാണ്. പക്ഷേ രണ്ടുപേര്‍ക്കും അധികാരം നഷ്ടമാകുന്നത് സഹിക്കാനാവില്ല.

ഇന്ത്യക്കാര്‍ ചൂഷണം ചെയ്യപ്പെടുകയും രാജ്യത്ത് കൊല്ലപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജനങ്ങളോട് മറുപടി പറയുകയെന്നത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞാണ് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചത്.

We use cookies to give you the best possible experience. Learn more