| Thursday, 9th May 2019, 2:51 pm

രാജീവ് ഗാന്ധിയെ കുറിച്ച് നിങ്ങള്‍ സംസാരിച്ചോളൂ, പക്ഷേ റാഫേലിനെ കുറിച്ച് കൂടി പറയണം; മോദിയോട് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കുറിച്ച് നിങ്ങള്‍ക്ക് സംസാരിക്കാമെന്നും എന്നാല്‍ അതിനൊപ്പം റാഫേലിനെ കുറിച്ച് കൂടി സംസാരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

രാജീവ് ഗാന്ധിയെ കുറിച്ച് സംസാരിക്കാം. അതിനെ ആരും തടയുന്നില്ല. പക്ഷേ അതിനൊപ്പം തന്നെ ജനങ്ങള്‍ അറിയേണ്ട കാര്യങ്ങളുണ്ട്. അതില്‍ ഒന്ന് റാഫേലാണ്. റാഫേലിനെ കുറിച്ച് കൂടി താങ്കള്‍ സംസാരിക്കാന്‍ തയ്യാറായാല്‍ നന്നായിരിക്കും- രാഹുല്‍ പറഞ്ഞു.

ഐ.എന്‍.എസ് വിരാടിനെ പേഴ്‌സണല്‍ ടാക്‌സിയായി രാജീവ് ഗാന്ധി ഉപയോഗിച്ചെന്ന മോദിയുടെ പ്രസ്താവനക്കെതിരെയും കോണ്‍ഗ്രസ് രംഗത്തെത്തി. തുടര്‍ച്ചയായി കള്ളം പറയുന്ന ആളാണ് മോദിയെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞത്.

തൊഴിലില്ലായ്മയും നോട്ട് നിരോധവവും പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം മോദിക്കില്ല. ഇന്ത്യന്‍ നേവി വൈസ് അഡ്മിറല്‍ വിനോദ് പാസ്രിക തന്നെ മോദിയുടെ ആരോപണത്തില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഐ.എന്‍.എസ് വിരാടില്‍ രാജീവ് ഗാന്ധി ഔദ്യോഗിക യാത്ര നടത്തിയിട്ടുണ്ട്. എന്നാല്‍ സത്യം എന്നത് മോദിയെ സംബന്ധിച്ച് വിഷയമല്ലല്ലോ”- എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

ന്യായ് പദ്ധതി പ്രകാരമുള്ള തുക സാധാരണക്കാരന് ലഭിക്കുമെന്നും അത് കോണ്‍ഗ്രസിന്റെ വാഗ്ദാനമാണെന്നും രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ആ തുക ലഭിക്കില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ഇന്ത്യയെ കൊള്ളയടിച്ച് കടന്നുകളഞ്ഞവരുടെ പോക്കറ്റില്‍ നിന്നും ആ തുകയെടുത്ത് പാവപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more