താനെ: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോടതിയില്‍ ഹാജരായി പുറത്തിറങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആര്‍.എസ്.എസിനേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
തന്റെ പോരാട്ടം മോദിയുടെ നയങ്ങള്‍ക്കെതിരെയാണെന്നും മോദി സര്‍ക്കാര്‍ പണക്കാര്‍ക്ക് വേണ്ടി മാത്രം ഉള്ളതാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
“രാജ്യത്തെ കര്‍ഷകരെല്ലാം ആശങ്കയിലാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന് സമയമില്ല. രാജ്യത്തെ തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ജോലി നല്‍കാനും അദ്ദേഹത്തിന് സമയമില്ല. ഈ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതല്ല. പണക്കാര്‍ക്ക് മാത്രമുള്ളതാണ്.
മോദി മന്‍ കി ബാത്ത് നടത്തുന്നു. എന്നാല്‍ അദ്ദേഹം കാം കി ബാത്തിനെ (ജോലിയെ )കുറിച്ച് മിണ്ടുന്നില്ല. യുവാക്കള്‍ തൊഴിലില്ലാതെ അലയുന്നതൊന്നും അദ്ദേഹത്തിന് വിഷയമല്ല.
ബി.ജെ.പിയും ആര്‍.എസ്.എസും എനിക്കെതിരെ പല കേസുകളും കൊടുത്തുകൊണ്ടിരിക്കുകയാണ്. പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഞങ്ങള്‍ നടത്തുന്നത്. അതില്‍ ഞങ്ങള്‍ വിജയിക്കുകയും ചെയ്യും”- രാഹുല്‍ ഗാന്ധിപറയുന്നു.
കോടതിയില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ വിദര്‍ഭയില്‍ നിന്നുള്ള കാര്‍ഷിക സംരംഭകനായ ദാദാജി ഖോബ്രാഗഡേയുടെ ബന്ധുക്കളെയും സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ദല്‍ഹിക്ക് മടങ്ങിയത്. നെല്‍കൃഷിയുടെ രീതിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഖോബ്രാഗഡേ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ഭിവാണ്ഡി മജിസ്ട്രേറ്റ് കോടതി കുറ്റം ചുമത്തിയിരുന്നു. ഇന്ത്യന്‍ പീനല്‍ കോഡിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. എന്നാല്‍, താന്‍ നിരപരാധിയാണെന്ന് രാഹുല്‍ കോടതിയെ അറിയിച്ചു. കേസില്‍ വാദം കേള്‍ക്കാന്‍ രാഹുല്‍ ഇന്നു രാവിലെയാണ് കോടതിയില്‍ ഹാജരായത്.
തെരഞ്ഞെടുപ്പു റാലിയിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി 2014ലാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രാജേഷ് കുന്ദേ അപകീര്‍ത്തികരമായ പരാമര്‍ശത്തിന് കേസ് കൊടുത്തത്.
മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയതിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന പ്രസ്താവനയാണ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. ഈ പരാമര്‍ശം സംഘടനയ്ക്ക് ദുഷ്പേരു വരുത്തിയെന്നു കാണിച്ച് നല്‍കിയ പരാതിയിന്മേല്‍ രാഹുലിന്റെ വാദം കേള്‍ക്കാനാണ് കോടതി അദ്ദേഹത്തോട് ഇന്നു ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വിശദമായ തെളിവുശേഖരണം ആവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ അപേക്ഷയിലും മുന്‍പ് കോടതി വാദം കേട്ടിരുന്നു. കോടതി അദ്ദേഹത്തിനു മേല്‍ കുറ്റമാരോപിക്കാനുള്ള സാധ്യതയുള്ളതായി രാഹുലിനു വേണ്ടി ഹാജരാകുന്ന ക്രിമിനല്‍ അഭിഭാഷകന്‍ നാരായണ്‍ അയ്യര്‍ നേരത്തേ പറഞ്ഞിരുന്നു. പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാണെങ്കില്‍ കേസില്‍ നിന്നും പിന്മാറാമെന്ന് ആര്‍.എസ്.എസ് വൃത്തങ്ങള്‍ പറയുകയും, പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി രാഹുല്‍ കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.