| Tuesday, 23rd July 2024, 4:32 pm

മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റ്; സഖ്യകക്ഷികളെ പ്രീണിപ്പിക്കാനുള്ളതെന്ന് രാഹുൽ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: കേന്ദ്ര ബജറ്റ് ബി.ജെ.പിയുടെ സഖ്യകക്ഷികളെയും അവരുടെ സുഹൃത്തുക്കളെയും തൃപ്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര ബജറ്റിനെ ‘കുർസി ബച്ചാവോ’ ബജറ്റ് എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് ഇത് കോൺഗ്രസ് പാർട്ടിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നിന്ന് പകർത്തിയതാണെന്ന് ആരോപിച്ചു.

മറ്റു സംസ്ഥാനങ്ങളെ അവഗണിച്ചു കൊണ്ട് സഖ്യകക്ഷികളെ പ്രീതിപ്പെടുത്താനുള്ള ബജറ്റാണിതെന്നും അദ്ദേഹം പറഞ്ഞു. മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റിൽ സാധാരണക്കാർക്ക് ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ അവരുടെ അധികാര കസേര ഉറപ്പിക്കാൻ വേണ്ടി കൊണ്ട് വന്ന ബജറ്റാണിതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

കോൺഗ്രസിന്റെ മുൻകാല ബജറ്റുകൾ കോപ്പിയടിച്ചു വച്ചിരിക്കുകയാണ് ബജറ്റിലെന്ന്‌ കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പൊള്ളത്തരങ്ങൾ മാത്രം വെളിപ്പെടുത്തുന്നതാണ് ബജറ്റെന്ന് ജയറാം രമേശും ആരോപിച്ചു.

അതേസമയം, ബജറ്റ് ജനങ്ങൾക്ക് അനുകൂലവും വികസനത്തിന് അനുകൂലവുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

2024-25 ലെ ബജറ്റ് പ്രധാനമന്ത്രി മോദിജിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് കീഴിൽ ഭാരതത്തിന് പുതിയ ലക്ഷ്യബോധവും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും നൽകുക മാത്രമല്ല, അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. യുവാക്കളുടെയും നാരി ശക്തിയുടെയും കർഷകരുടെയും ശക്തി പ്രയോജനപ്പെടുത്തിക്കൊണ്ട്, ബജറ്റ് രാജ്യത്തിൻ്റെ വേഗതയ്ക്ക് ഇന്ധനം നൽകുന്നു,’ അമിത് ഷാ പറഞ്ഞു.

Content Highlight: Rahul Gandhi slams Nirmala Sitharaman’s Budget

We use cookies to give you the best possible experience. Learn more