| Wednesday, 2nd April 2025, 6:29 am

ആദിവാസി അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ടു: രാഹുൽ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നരേന്ദ്ര മോദി സർക്കാർ പരാജയപ്പെട്ടെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വനാവകാശ നിയമം സംരക്ഷിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സുപ്രീം കോടതിയിൽ ഉടനടി തന്നെ നീക്കം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മോദി സർക്കാർ വനാവകാശ നിയമം (The Forest Rights Act (FRA) of 2006 ) അവഗണിക്കുന്നതിനാൽ ലക്ഷക്കണക്കിന് ആദിവാസി കുടുംബങ്ങൾ അവരുടെ പരമ്പരാഗത ഭൂമിയിൽ നിന്ന് കുടിയിറക്കപ്പെടൽ നേരിടുന്നുവെന്ന് അദ്ദേഹം വിമർശിച്ചു.

ആദിവാസികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അനീതി തിരുത്തുന്നതിനും ആദിവാസികൾക്ക് അവരുടെ വെള്ളം, വനം, ഭൂമി എന്നിവയിൽ അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമാണ് 2006 ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ വനാവകാശ നിയമം കൊണ്ടുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

പക്ഷെ കേന്ദ്ര സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടു. കൂടാതെ എഫ്.ആർ.എ പ്രകാരമുള്ള നിരവധി ന്യായമായ ആവശ്യങ്ങൾ വേണ്ടവിധത്തിൽ അവലോകനം നടത്താതെ മോദി സർക്കാരിന്റെ ഉദ്യോഗസ്ഥർ നിരസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘2019ൽ, വനനിയമത്തിന് കീഴിലുള്ള അവകാശങ്ങൾ നിരസിക്കപ്പെട്ട ആളുകളെ കുടിയൊഴിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത് രാജ്യത്തുടനീളം പ്രതിഷേധങ്ങൾക്ക് കാരണമായി. തുടർന്ന് കോടതി കുടിയൊഴിപ്പിക്കൽ താത്കാലികമായി നിർത്തിവയ്ക്കുകയും അവകാശങ്ങൾ നിരസിക്കപ്പെട്ട ആദിവാസികളെക്കുറിച്ച് വിശദമായ അവലോകനം നടത്താൻ ആവശ്യപ്പെടുകയും ചെയ്തു.

ഇപ്പോൾ, കേസ് ഏപ്രിൽ രണ്ടിന് സുപ്രീം കോടതിയിൽ തിരിച്ചെത്തി. പക്ഷേ മോദി സർക്കാർ വീണ്ടും നടപടിയെടുക്കുന്നില്ല. 2019ൽ അവർ എഫ്‌.ആർ.എ വേണ്ടവിധം നടപ്പിലാക്കിയില്ല. കൂടാതെ തീർപ്പുകൽപ്പിക്കാത്തതും നിരസിക്കപ്പെട്ടതുമായ നിരവധി ആദിവാസി കുടുംബങ്ങളുടെ ആവശ്യങ്ങൾ പുനപരിശോധിക്കാനോ അവർ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല.

ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നത് തടയാനും മോദി സർക്കാർ ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ, അതിനായി വേഗത്തിൽ പ്രവർത്തിക്കുകയും വനാവകാശ നിയമത്തെ കോടതിയിൽ പിന്തുണക്കുകയും നിയമം മുന്നോട്ട് വെക്കുന്ന ആവശ്യങ്ങളെ അനുകൂലിക്കുകയും വേണം,’ രാഹുൽ ഗാന്ധി പറഞ്ഞു.

പരമ്പരാഗത ആദിവാസി സമൂഹങ്ങളുടെയും ഗോത്രവർഗക്കാരുടെയും അവകാശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ കൈകാര്യം ചെയ്യാൻ നിർമിച്ച നിയമമാണ് 2006ലെ വനാവകാശ നിയമം. പതിറ്റാണ്ടുകളായി ഈ സമൂഹങ്ങൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. തലമുറകളായി ആദിവാസി സമൂഹങ്ങൾ ആശ്രയിച്ചുപോരുന്ന ഭൂമിയുടെയും വിഭവങ്ങളുടെയും മേലുള്ള അവരുടെ അവകാശങ്ങൾ അംഗീകരിച്ചുകൊണ്ട്, അവർ കാലങ്ങളായി നേരിടുന്ന അനീതി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് വനാവകാശ നിയമത്തിലൂടെ ചെയ്യുന്നത്.

Content Highlight: Rahul Gandhi slams Modi govt over tribal rights

We use cookies to give you the best possible experience. Learn more