സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെ സ്വാഗതം ചെയ്യും ഷട്ടപ്പ് ഇന്ത്യയെയല്ല; യു.പി.എ സര്‍ക്കാരിനു പോരായ്മകളുണ്ടായിരുന്നെന്നും രാഹുല്‍ ഗാന്ധി
Daily News
സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെ സ്വാഗതം ചെയ്യും ഷട്ടപ്പ് ഇന്ത്യയെയല്ല; യു.പി.എ സര്‍ക്കാരിനു പോരായ്മകളുണ്ടായിരുന്നെന്നും രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2017, 9:41 pm


ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദല്‍ഹിയില്‍ പി.എച്ച്.ഡി ചേമ്പറില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുല്‍ മോദിസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.


Also Read: നവംബര്‍ എട്ട് 150 പേര്‍ മരണപ്പെട്ടതിന്റെ ദുഖാചരണ ദിനം; നോട്ടുനിരോധന വാര്‍ഷികം ആഘോഷിക്കുന്നതിനെതിരെ തരൂര്‍


സമ്പദ്ഘടനയ്ക്കായി സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയെ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ ഷട്ട് അപ്പ് ഇന്ത്യ പിന്നാലെ വന്നാല്‍ അതിനെ സ്വാഗതം ചെയ്യില്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്ത് കേന്ദ്ര സര്‍ക്കാരിനുള്ള ജനപിന്തുണ നഷ്ടപ്പെട്ട് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“സമ്പദ്ഘടനയ്ക്കു വേണ്ടി സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഷട്ടപ്പ് ഇന്ത്യാ എന്ന് പിന്നാലെ വന്നാല്‍ അതിനെ സ്വാഗതം ചെയ്യില്ല. യു.പി.എ സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ പോരായ്മകള്‍ ഉണ്ടായിരുന്നതായി ഞാന്‍ സമ്മതിക്കുന്നു. ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ മരിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല.” രാഹുല്‍ പറഞ്ഞു.

മോദി അധികാരത്തിലെത്തി മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ജനങ്ങള്‍ക്ക് വിശ്വാസം തകര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ” മൂന്നര വര്‍ഷത്തിനിപ്പുറം ജനങ്ങള്‍ സര്‍ക്കാരിലുള്ള വിശ്വാസം ഉപേക്ഷിച്ചു കഴിഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ ജനങ്ങള്‍ മോദി സര്‍ക്കാരില്‍ അര്‍പ്പിച്ച വിശ്വാസം തകര്‍ന്നു തരിപ്പണമായി” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


Dont Miss: ദളിത് പ്രയോഗം നിരോധിച്ചിട്ടില്ലെന്ന് പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍


“നോട്ടുനിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും രാജ്യത്തിന് ഇരട്ട പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍. ജി.എസ്.ടി കൊണ്ടുള്ള ടാക്സ് ഭീകരത കൊണ്ട് ചെറുകിട കര്‍ഷകരടക്കം ദുരിതമനുഭവിക്കുകയാണ്. വ്യവസായങ്ങള്‍ മുങ്ങുകയാണ് എങ്കിലും അരുണ്‍ ജെയ്റ്റ്ലി ദിവസേന മുടങ്ങാതെ ടി.വിയില്‍ പോവുകയും കാര്യങ്ങളെല്ലാം സുഗമമാണ് എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് ” രാഹുല്‍ഗാന്ധി പറഞ്ഞു.