| Monday, 17th May 2021, 12:40 pm

'പി.എം കെയര്‍ വെന്റിലേറ്ററും മോദിയും തമ്മില്‍ വല്യ വ്യത്യാസമൊന്നുമില്ല'; രണ്ടും സ്വന്തം ജോലി ചെയ്യാറേയില്ലെന്ന് രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പി.എം കെയര്‍ ഫണ്ടില്‍ നിന്ന് രാജ്യത്ത് വിതരണം ചെയ്ത വെന്റിലേറ്ററുകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ധാരാളം സമാനതകളുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

രണ്ടും അവരവരുടെ ജോലികള്‍ കൃത്യമായി ചെയ്യുന്നില്ലെന്നും അതിന്റെ പേരില്‍ പി.ആര്‍ വര്‍ക്ക് മാത്രമേ കാര്യമായി നടക്കുന്നുള്ളുവെന്നും രാഹുല്‍ പറഞ്ഞു.

‘മോദിയും പി.എം കെയേഴ്‌സ് വെന്റിലേറ്ററും തമ്മില്‍ ഒരുപാട് സാദൃശ്യങ്ങളുണ്ട്.

1.ആവശ്യത്തിലധികം പരസ്യം.

2. ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യില്ല.

3. ആവശ്യമുള്ള സമയത്ത് കാണാന്‍ കൂടി കിട്ടില്ല,’ എന്നായിരുന്നു രാഹുല്‍ ട്വിറ്ററിലെഴുതിയത്.

പി.എം കെയേഴ്‌സ് ഫണ്ടുപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകളില്‍ പലതും രാജ്യത്തെ സര്‍ക്കാരാശുപത്രികളില്‍ ഉപയോഗശൂന്യമായി കിടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വിമര്‍ശനം.

അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിലും കേന്ദ്രത്തിനെതിരെ വ്യാപക വിമര്‍ശനമുയരുകയാണ്. ആഗോള മാധ്യമങ്ങള്‍ ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പര്യാപ്തമല്ലെന്ന രീതിയില്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.

രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പുതിയ പാര്‍ലമെന്റ് നിര്‍മ്മാണവുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും രംഗത്തെത്തിയിരുന്നു.

ഇന്ത്യയില്‍ വാക്‌സിന്‍ ക്ഷാമം നേരിടുന്ന ഘട്ടത്തിലും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാനാണ് കേന്ദ്രത്തിന് തിടുക്കമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

അതേസമയം കൊവിഡ് വ്യാപനം തടയുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പരാജയപ്പെട്ടാന്നാരോപിച്ച് പോസ്റ്റര്‍ പതിച്ച 12 പേരെ ദല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റര്‍ പതിച്ചതിനാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. പതിമൂന്നിലധികം എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തിനാണ് മോദി ജീ നിങ്ങള്‍ വിദേശത്തേക്ക് അയച്ചത് എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. 800 ഓളം പോസ്റ്ററുകളും ബാനറുകളും പൊലീസ് പിടിച്ചെടുത്തു.

രാജ്യം കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ വിദേശത്തേക്ക് വാക്‌സിന്‍ കയറ്റി അയച്ച് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

ആഭ്യന്തരമായി 10 കോടി വാക്സിന്‍ നല്‍കിയപ്പോള്‍ 6.45 കോടി ഡോസാണ് കയറ്റുമതി ചെയ്തത്. മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുമ്പോഴായിരുന്നു കേന്ദ്രം വാക്‌സിന്‍ വിദേശത്തേക്ക് കയറ്റിയയച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rahul Gandhi Slams Centre Government On PMCares Fund

We use cookies to give you the best possible experience. Learn more